അബൂദബി: മഴ വെള്ളമോ മലിനജലമോ ഒഴുക്കിവിടുന്ന ഡ്രെയിനേജ് ചാലുകളില്‍ വിഷ പദാര്‍ഥങ്ങളോ അപകടം വിതക്കുന്ന വസ്തുക്കളോ നിക്ഷേപിച്ചാല്‍ പത്തു ലക്ഷം ദിര്‍ഹം വരെ പിഴയീടാക്കുമെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി(ഇ.എ.ഡി) അധികൃതര്‍. നിയമലംഘനം നടത്തുന്നവര്‍ക്ക് 150,000 ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയീടാക്കുമെന്നാണ് മുന്നറിയിപ്പ്. മഴവെള്ളത്തിന്റെയും മറ്റും ചാലുകള്‍ അധികവും ചെന്നുചേരുന്നത് സമുദ്രത്തിലേക്കാണ്.
ഇത് മത്സ്യം, സസ്തനികള്‍ തുടങ്ങിയവയുടെ നാശത്തിനും പരിസ്ഥിതിക്ക് ആഘാതമേല്‍ക്കുന്നതിനും കാരണമാവും. മലിനജലം ഒഴുക്കിവിടാന്‍ സ്ഥാപനങ്ങളും താമസക്കാരും പാരിസ്ഥിതിക നിയമങ്ങളും അനുമതി വ്യവസ്ഥകളും പാലിക്കണം. ബന്ധപ്പെട്ട അതോറിറ്റിയില്‍നിന്ന് മലിനജലം പുറന്തള്ളുന്നതിനുള്ള പെര്‍മിറ്റും കരസ്ഥമാക്കണം.വികസനം, വ്യവസായികം, വേട്ടയാടൽ, ജൈവ വൈവിധ്യം, കരുതല്‍ ശേഖരം, മത്സ്യബന്ധനം, സമുദ്രത്തിലേക്കുള്ള പുറന്തള്ളല്‍ എന്നിങ്ങനെ നിയമലംഘനങ്ങളെ തരം തിരിച്ചിട്ടുണ്ട്. പരിസ്ഥിതിയെ ഏതു രീതിയിലാണ് പുറന്തള്ളിയ മാലിന്യം ബാധിക്കുക എന്ന് പരിഗണിച്ചും ആവര്‍ത്തിച്ചുള്ള നിയമലംഘനം കണക്കിലെടുത്തുമാണ് പിഴയിടുക.
അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും അബൂദബി പരിസ്ഥിതി ഏജന്‍സി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാനാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.