യൗവന നാളുകളില്‍ കുടുംബവും നാടും ത്യജിച്ച് മരുഭൂവില്‍ കഴിഞ്ഞ് ജീവിത സായംസന്ധ്യയില്‍ പോറ്റിയ നാടിന് നന്ദിയര്‍പ്പിച്ച് നാടണയുന്നവര്‍ വിസ്മൃതിയിലാകുന്നതാണ് പതിവ്. ഇതിന് വിരാമം കുറിക്കുകയാണ് 'റാക് വെറ്ററന്‍സ്' കൂട്ടായ്മ. പുറംവാസ മണ്ണിലെ അധ്വാനവും സുഹൃദ് ബന്ധങ്ങളും സമ്മാനിച്ച ഊഷ്മളതയും വിരഹ വ്യഥകളും ഈ സൗഹൃദ കൂട്ടായ്മയിലൂടെ പങ്കുവെക്കപ്പെടുമ്പോള്‍ 'വിരമിച്ച'പ്രവാസികളുടെ പിറന്ന മണ്ണിലെ ജീവിത വഴികളില്‍ വര്‍ണം വിതറുകയായി. കലാലയ - കുടുംബ - രാഷ്ട്രീയ കൂട്ടായ്മകളില്‍ നിന്ന് വ്യത്യസ്തമാണ് റാക് വെറ്ററന്‍സ് കൂട്ടായ്മയെന്ന് ചെയര്മാന് അബ്ദുല്‍നാസര്‍ പെരുമ്പിലാവ് വ്യക്തമാക്കുന്നു.
നാല് പതിറ്റാണ്ടോളം റാസല്ഖൈമയിലുണ്ടായിരുന്ന കെ.വി. അബൂബക്കറാണ് സൗഹൃദ കൂട്ടായ്മ രൂപവത്കരിക്കാന്‍ മുന്‍ കൈയെടുത്തത്. ജാതി, മത, രാഷ്ട്രീയ പക്ഷപാതിത്വങ്ങള്‍ക്കതീതമായ സൗഹൃദ സംഭാഷണങ്ങള്‍ക്കും സേവന പ്രവര്‍ത്തനങ്ങളിലും കേന്ദ്രീകരിക്കുകയാണ് റാക് വെറ്ററന്‍സ്. ദീര്‍ഘനാള്‍ പ്രവാസം നയിച്ച് നാട്ടിലെത്തി ജീവിതത്തിന് മുന്നില്‍ പ്രയാസപ്പെടുന്നവര്‍, ചികില്‍സക്ക് ബുദ്ധിമുട്ടുന്നവര്‍ തുടങ്ങിയവരെല്ലാം നാട്ടിലെ യാഥാര്‍ഥ്യങ്ങളാണ്. അവര്‍ക്ക് ചെറിയ തോതിലെങ്കിലും കൈത്താങ്ങാകാന്‍ റാക് വെറ്ററന്‍സിന് കഴിയുന്നുണ്ട്.
വിദ്യാഭ്യാസം, ചികില്‍സ, യാത്ര, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവക്ക് മാര്‍ഗനിര്‍ദ്ദേശം, ആവശ്യം വരുന്ന ഘട്ടങ്ങളില്‍ റിലീഫ് പ്രവര്‍ത്തനം, അംഗങ്ങളിലും കുടുംബങ്ങളിലുമുള്ള കലാ - കായിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോല്‍സാഹനം, വ്യക്തി -പരിസര ശുചിത്വം, ജലസംരക്ഷണം, ലഹരിയുടെ കെടുതികള്‍, ചെറുകിട സംരംഭകത്വം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ബോധവത്കരണ യജ്ഞങ്ങള്‍ തുടങ്ങിയവയിലും റാക് വെറ്ററന്‍സ് ഊന്നല്‍ നല്കുന്നു. വിശ്വനാഥപിള്ള മുഖ്യ രക്ഷാധികാരിയും വിശ്വനാഥ മേനോൻ രക്ഷാധികാരിയും അബ്ദുല്‍നാസര്‍ പെരുമ്പിലാവ് ചെയർമാനുമായ കമ്മിറ്റിയാണ് ഇതിനെ നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.