ദുബൈ: പരിസ്ഥിതി സൗഹൃദ ഹൈഡ്രജൻ ബസ് പരീക്ഷണാടിസ്ഥാനത്തിൽ ദുബൈ റോഡിലിറങ്ങുന്നു. ഇതുസംബന്ധിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റിയും (ആർ.ടി.എ) സ്വൈദാൻ ട്രേഡിങ് കമ്പനിയും കരാറിലൊപ്പിട്ടു. എമിറേറ്റിലെ നഗരപ്രദേശങ്ങളിലെ റോഡുകളിലാണ് ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ബസുകൾ ഓടിക്കുക. ഇതിലൂടെ ദുബൈ നഗരത്തിലെ കാലാവസ്ഥ സാഹചര്യത്തിന് അനുയോജ്യമാണോ എന്നാണ് പരിശോധിക്കുന്നത്. ഹൈഡ്രജൻ വിതരണക്കാരായ ‘ഇനോകി’നും മറ്റു പങ്കാളികളുമായും ചേർന്നാണ് സംവിധാനത്തിന്റെ വെല്ലുവിളികളും സാധ്യതകളും പരിശോധിക്കുന്ന പരീക്ഷണയോട്ടം പൂർത്തിയാക്കുക. ഈ ബസുകൾ ദീർഘദൂര യാത്രകൾക്ക് ഇന്ധന സ്രോതസ്സായി ഹൈഡ്രജനെ ആശ്രയിക്കുമെന്നും സാങ്കേതികവിദ്യയുടെയും പാരിസ്ഥിതിക ആഘാതത്തിന്റെയും അടിസ്ഥാനത്തിൽ ഗതാഗതത്തിന്റെ സുസ്ഥിരമായ ഭാവിയെ പ്രതിനിധാനം ചെയ്യുന്നതാണ് ഇവയെന്നും ആർ.ടി.എയുടെ പൊതുഗതാഗത ഏജൻസി സി.ഇ.ഒ അഹമ്മദ് ഹാശിം ബഹ്റോസിയാൻ പറഞ്ഞു. ഹൈഡ്രജൻ ഭാരം കുറഞ്ഞതും ഡീസൽ ഇന്ധനത്തിന്റെ മൂന്നിരട്ടി ഊർജ സാന്ദ്രതയുള്ളതുമാണെന്നും പരിസ്ഥിതിക്ക് ദോഷകരമായ കാർബൺ പുറന്തള്ളൽ ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈനീസ് കമ്പനിയായ ഷോങ്ടോങ് ബസ് ഹോൾഡിങ് കമ്പനിയുടെ ഫ്യുവൽ സെൽ സംവിധാനമാണ് ഹൈഡ്രജൻ ബസിൽ സജ്ജീകരിച്ചിരിക്കുന്നതെന്ന് ബഹ്റോസിയാൻ വെളിപ്പെടുത്തി. ദുബൈ എമിറേറ്റിൽ യാത്രക്കാർക്ക് വേണ്ടിയുള്ള ബസ് സർവിസ് വർധിപ്പിക്കുന്നതിന് നൂതനമായ സംവിധാനങ്ങൾ നിർദേശിക്കാനും പുരോഗതി ആവശ്യമായ മേഖലകൾ കണ്ടെത്താനും ഡ്രൈവർമാരിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും ആർ.ടി.എ അഭിപ്രായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.ടി.എയുടെ ഭാഗത്തുനിന്ന് ബഹ്റോസിയാനും ‘സ്വൈദാൻ’ ട്രേഡിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ സ്വൈദാൻ അൽ നബൂദയുമാണ് കരാറിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.