അബൂദബി: നിര്‍മാണം പൂര്‍ത്തിയായ പുതിയ ടെർമിനലിന്റെ പ്രവർത്തനക്ഷമത വിലയിരുത്തി അബൂദബി എയർപോർട്ട് അതോറിറ്റി. സമൂഹത്തിൽനിന്ന് പ്രാദേശികാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 6,000 വളന്റിയർമാരെ ഉപയോഗിച്ചാണ് ലോകത്തിലെ ഏറ്റവും വലിയ ടെർമിനലിന്റെ ട്രയൽ റൺ നടത്തിയത്. വരുന്ന നവംബറില്‍ ടെർമിനലിന്റെ ഉദ്ഘാടനം നിശ്ചയിച്ച സാഹചര്യത്തിലായിരുന്നു പരീക്ഷണം. ടെര്‍മിനല്‍ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളടക്കം ഈവിധത്തില്‍ പരിശോധിക്കപ്പെടും. അബൂദബി വിമാനത്താവള ജീവനക്കാര്‍, വിദ്യാര്‍ഥികൾ, സന്നദ്ധപ്രവര്‍ത്തകർ എന്നിവരാണ് പരീക്ഷണത്തില്‍ പങ്കാളികളായത്.
ചെക് ഇന്‍, ബാഗേജ്, സുരക്ഷ പരിശോധന, ബോര്‍ഡിങ് ഗേറ്റുകള്‍, ഇമിഗ്രേഷന്‍, കസ്റ്റംസ് തുടങ്ങി സാധാരണ വിമാനത്താവളങ്ങളിലെ എല്ലാവിധ പ്രവര്‍ത്തനങ്ങളും പരീക്ഷണവിധേയമാക്കി. രേഖകളുടെ പരിശോധന, കസ്റ്റംസ് ചെക്കിങ് എന്നിവ ഉൾപ്പെടെ വേഗതയും കൃത്യതയും വളന്റിയർമാർ പരിശോധിച്ച് ഉറപ്പുവരുത്തി. ബോര്‍ഡിങ്, പുറപ്പെടല്‍ ഗേറ്റുകളില്‍ വളന്റിയര്‍മാരുടെ ബോര്‍ഡിങ് പാസ് പരിശോധന, വിമാന സർവിസുകളിലെ മാറ്റങ്ങളെക്കുറിച്ച് അവരെ അറിയിക്കല്‍ തുടങ്ങിയ കാര്യങ്ങളും പരീക്ഷിച്ചു.
ടെര്‍മിനല്‍ എ തുറന്നുകൊടുക്കുന്നതിനു മുമ്പ് പ്രവര്‍ത്തനക്ഷമത വിലയിരുത്തുന്നതിന് സഹായകമായ പരീക്ഷണത്തില്‍ പങ്കാളികളാകുന്ന വളന്റിയര്‍മാര്‍ക്ക് അബൂദബി വിമാനത്താവളത്തിന്റെ മാനേജിങ് ഡയറക്ടറും ഇടക്കാല സി.ഇ.ഒയുമായ ഇലീന സോര്‍ലിനി നന്ദി പറഞ്ഞു. 7,42,000 ചതുരശ്ര മീറ്ററില്‍ സജ്ജമാക്കിയ ടെര്‍മിനല്‍ ലോകത്തിലെതന്നെ വലിയ എയര്‍പോര്‍ട്ട് ടെര്‍മിനലുകളിലൊന്നാണ്. പ്രതിവര്‍ഷം നാലരക്കോടി യാത്രക്കാരെ കൈകാര്യംചെയ്യാന്‍ ടെര്‍മിനലിന് ശേഷിയുണ്ട്.
മണിക്കൂറില്‍ 79 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കൂടാതെ 11000 യാത്രികരുടെ നടപടികള്‍ പൂര്‍ത്തിയാക്കാനുമാകും. 2012ലാണ് ടെർമിനലിന്റെ നിർമാണം ആരംഭിച്ചത്. 2017ൽ പൂർത്തീകരിക്കാനായിരുന്നു പദ്ധതിയെങ്കിലും അഞ്ചുവർഷം വൈകിയാണ് നിർമാണം പൂർത്തിയായത്. അബൂദബിയുടെ ടൂറിസം രംഗത്തിന് പുത്തനുണര്‍വേകാനും ഇതുവഴി എമിറേറ്റിന്റെ സാമ്പത്തിക വളര്‍ച്ചക്ക് വേഗം കൂട്ടാനും ടെര്‍മിനല്‍ എ സഹായകമാവും. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലും വളന്റിയര്‍മാരെ ഉപയോഗിച്ചുള്ള പരീക്ഷണം തുടരും. പരീക്ഷണത്തില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ള വളന്റിയര്‍മാര്‍ക്ക് തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ചെയ്ത് https://www.volunteers.ae/list.aspx അപേക്ഷിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.