അബൂദബി: ആഗോളതലത്തിൽ ഏറ്റവും സുരക്ഷിത നഗരമെന്ന പദവിയിൽ അബൂദബി. ‘ന്യൂംബിയോ’ വെബ്സൈറ്റ് തയാറാക്കിയ ‘ക്രൈം ആൻഡ് സേഫ്റ്റി സൂചിക’ പ്രകാരമാണ് അബൂദബി നേട്ടം കൈവരിച്ചത്. സുരക്ഷ സൂചികയിൽ 88.2പോയന്റ് എന്ന മികച്ച നിലവാരം പുലർത്തിയപ്പോൾ കുറ്റകൃത്യ സൂചിക 11.8 പോയന്റ് എന്ന ഏറ്റവും കുറഞ്ഞ നിരക്കിൽ നിലനിർത്താനും എമിറേറ്റിന് സാധിച്ചു.
പട്ടികയിൽ അഞ്ചാം സ്ഥാനമാണ് ദുബൈക്കുള്ളത്. അബൂദബിയും ദുബൈയും മിഡിലീസ്റ്റ്, ആഫ്രിക്ക മേഖലയിലെ ഏറ്റവും ജീവിക്കാൻ അനുയോജ്യമായ പട്ടണങ്ങളിൽ ആദ്യ പദവിയിലാണെന്ന് ഇക്കണോമിസ്റ്റ് ഇൻറലിജൻസ് യൂനിറ്റിന്റെ 2024ലെ ഗ്ലോബൽ ലിവബിലിറ്റി സൂചിക വ്യക്തമാക്കിയിരുന്നു.
ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ നേടിയ മുന്നേറ്റമാണ് നേട്ടത്തിന് സഹായിച്ചത്.ദുബൈ ഹെൽത്ത് അതോറിറ്റിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ പ്രകാരം 2024ന്റെ ആദ്യ പാദത്തിൽ എമിറേറ്റിലെ മൊത്തം ലൈസൻസുള്ളതും പ്രവർത്തന ക്ഷമവുമായ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുടെ എണ്ണം 5,020 ആയി ഉയർന്നിട്ടുണ്ട്. ലൈസൻസുള്ള ഡോക്ടർമാരുടെ എണ്ണം ആകെ 13,370 ആയിട്ടുമുണ്ട്.
അതേസമയം, അബൂദബിയിൽ ഇതേ കാലയളവിൽ 67 ആശുപത്രികൾ, 1,136 ആരോഗ്യ കേന്ദ്രങ്ങൾ, 765 ക്ലിനിക്കുകൾ, 1,068 ഫാർമസികൾ, കൂടാതെ 287 മറ്റ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ ആരോഗ്യ പരിരക്ഷ സ്ഥാപനങ്ങളുടെ എണ്ണം 3,323 ആയി. 2022 അവസാനത്തോടെ അബൂദബിയിൽ ലൈസൻസുള്ള ഡോക്ടർമാരുടെ എണ്ണം 12,922 ആണ്. 2023-24 അധ്യയന വർഷത്തിൽ സ്വകാര്യ, പൊതു, മിക്സഡ് സ്കൂളുകൾ ഉൾപ്പെടെ അബൂദബിയിൽ 459 സ്കൂളുകളുണ്ട്. ദുബൈയിൽ സ്വകാര്യ സ്കൂളുകളുടെ എണ്ണം 220 ആണ്.
ഈ മേഖലയിലെ മികച്ച പത്ത് നഗരങ്ങളിൽ എട്ടെണ്ണം ഗൾഫ് രാജ്യങ്ങളിലാണ്. അവയിൽ കുവൈത്ത് സിറ്റി, ദോഹ, ബഹ്റൈൻ എന്നിവ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലാണ്. ആഗോളസൂചികയിൽ 173 നഗരങ്ങളെ അഞ്ച് വിഭാഗങ്ങളിലായാണ് തരംതിരിച്ചിട്ടുള്ളത്. സ്ഥിരത, ആരോഗ്യ സംരക്ഷണം, സംസ്കാരവും പരിസ്ഥിതിയും, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെ വ്യത്യസ്ത സൂചികകളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങളെ പട്ടിക തിരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.