അബൂദബി: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ശിലാക്ഷേത്രം എന്ന ഖ്യാതിയോടെ അബൂദബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം ഇന്ന് തുറക്കും. അബൂദബി-ദുബൈ ഹൈവേയില്‍ അബൂമുറൈഖയിലെ 13.5 ഹെക്ടറിലാണ് ഏഴു കൂറ്റന്‍ ഗോപുരങ്ങളോടെ ക്ഷേത്ര നിർമാണം പൂർത്തിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകീട്ട് നാലുമണിയോടെയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക. ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി വ്യക്തമാക്കിയ ബാപ്സ് ഹിന്ദു മന്ദിര്‍ മേധാവി സ്വാമി ബ്രഹ്മ വിഹാരിദാസ്, ക്ഷേത്രം സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം ഭാവിതലമുറക്ക് പകരുന്നതായിരിക്കുമെന്നും വ്യക്തമാക്കി.
2015ൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആൽ നഹ്യാന് ആണ് ക്ഷേത്ര നിർമാണത്തിനായി 27 ഏക്കർ ഭൂമി സൗജന്യമായി നൽകിയത്. തുടർന്ന് 2018ല്‍ ക്ഷേത്രനിര്‍മാണത്തിന് ശിലയിട്ടു. ഇന്ത്യയിൽനിന്നും ഇറ്റലിയിൽനിന്നുമുള്ള പിങ്ക് മണൽക്കല്ലുകള്കൊണ്ടാണ് ക്ഷേത്രം പൂർണമായും നിര്‍മിക്കുന്നത്. ഇന്ത്യയില്‍ നൂറുകണക്കിന് ശിൽപികൾ കൈകൊണ്ട് കൊത്തിയെടുത്ത ശിലാരൂപങ്ങൾ കൊണ്ടാണ് ക്ഷേത്രനിർമാണം. ഇരുമ്പ് ഉപയോഗിക്കാതെ പ്രത്യേക വാസ്തുവിദ്യ ഉപയോഗിച്ച് ശിലകൾ അടുക്കിവെച്ചാണ് നിർമാണമെന്നും അദ്ദേഹം പറഞ്ഞു.
പിങ്ക് മണല്‍ക്കല്ലുകള്‍ 1000 വര്‍ഷത്തിലേറെക്കാലം ഈടുനില്‍ക്കുമെന്നാണ് വിലയിരുത്തൽ. ഭൂകമ്പങ്ങളിൽ നിന്നുപോലും സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ രൂപകൽപന. പുരാതന ഹൈന്ദവ ക്ഷേത്രങ്ങളുടെ മാതൃകകള്‍ ഉള്‍ക്കൊണ്ടുള്ള ക്ഷേത്ര നിര്‍മിതിക്കായി, ഹൈന്ദവ പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും കഥകള്‍ കൊത്തിയ കല്ലുകളാണ് ഉപയോഗിക്കുന്നത്. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളുടെ പ്രതീകമായി ക്ഷേത്രത്തിന് ഏഴു ഗോപുരങ്ങളും തീര്‍ക്കുന്നുണ്ട്. 32 മീറ്ററാണ് ക്ഷേത്രത്തിന്റെ ഉയരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.