ദുബൈ: പെരുന്നാൾ ദിനത്തിൽ യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം വിലയിരുത്താനും നടപടിക്രമങ്ങൾ ഉറപ്പുവരുത്താനും ദുബൈ വിമാനത്താവളം സന്ദർശിച്ച് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി. സന്ദർശകരെ മികച്ച രീതിയിൽ സ്വീകരിക്കുന്നതിനുവേണ്ടി വ്യോമ, കടൽ, കര അതിർത്തികളിൽ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സേവന സന്നദ്ധതയെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
ദുബൈ എയർപോർട്ടിലെ 1, 2, 3 ടെർമിനലുകൾ സന്ദർശിച്ച അദ്ദേഹം, ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും ഈദ് ആശംസകൾ നേരുകയും യാത്രക്കാർക്ക് ലഭിച്ച സേവനങ്ങളെ സംബന്ധിച്ച് നേരിട്ട് ചോദിച്ചറിയുകയും ചെയ്തു. ജി.ഡി.ആർ.എഫ്.എ അസി. ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വകുപ്പിലെ മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.
ദുബൈ വിമാനത്താവളങ്ങളിൽ കുട്ടികൾക്കായി പ്രത്യേകം ഏർപ്പെടുത്തിയ എമിഗ്രേഷൻ കൗണ്ടറിലൂടെ ഇതുവരെ 4,34,889 കുട്ടികൾ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും അദ്ദേഹം വെളിപ്പെടുത്തി. 2023 ഏപ്രിൽ 19നാണ് കുട്ടികൾക്ക് മാത്രമായുള്ള പ്രത്യേക കൗണ്ടർ ദുബൈ എയർപോർട്ടിൽ സ്ഥാപിച്ചത്.
കുട്ടികൾക്ക് ദുബൈയിലെ യാത്രാനുഭവം കൂടുതൽ സുഖകരവും സന്തോഷകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചത്. ഈ കൗണ്ടറിൽ, കുട്ടികൾക്ക് അവരുടെ പാസ്പോർട്ടിൽ സ്വയം സ്റ്റാമ്പ് ചെയ്യാൻ അവസരമുണ്ട്. 2024ലെ ആദ്യ പാദത്തിൽ 1,18,586 കുട്ടികൾ ഈ സൗകര്യം ഉപയോഗിച്ചു. കുടുംബങ്ങൾക്ക് യാത്ര കൂടുതൽ സുഗമവും ആസ്വാദ്യകരവുമാക്കുന്നതിനുള്ള ദുബൈ വിമാനത്താവളത്തിന്റെ പ്രതിബദ്ധതയെ ഈ സംരംഭം കൂടുതൽ പ്രതിഫലിപ്പിക്കുന്നുവെന്ന് ലഫ്. ജനറൽ അൽ മർറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.