ദുബൈ: എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും ഇന്ത്യയിലേക്കുള്ള കൂടുതൽ സർവിസുകൾ നിർത്തുന്നു. മാർച്ച് 26 മുതലാണ് യു.എ.ഇയിൽനിന്നും തിരിച്ചുമുള്ള സർവിസുകളിൽ ചിലത് നിർത്തുന്നത്. പുതിയ വേനൽക്കാല ഷെഡ്യൂളിൽനിന്ന് നിലവിലെ വിമാനങ്ങളെ ഒഴിവാക്കി.
ആഴ്ചയിൽ എല്ലാ ദിവസമുള്ള എയർഇന്ത്യയുടെ എ.ഐ-997 കോഴിക്കോട്-ഷാർജ, എ.ഐ-998 ഷാർജ - കോഴിക്കോട്, എ.ഐ-937 കോഴിക്കോട് - ദുബൈ, എ.ഐ-998 ദുബൈ - കോഴിക്കോട്, തിങ്കളാഴ്ചകളിലുള്ള എ.ഐ- 903 ഇന്ദോർ-ദുബൈ, ശനിയാഴ്ചകളിലുള്ള എ.ഐ- 903 ദുബൈ - ഇന്ദോർ, ആഴ്ചയിൽ അഞ്ചു ദിവസമുള്ള എ.ഐ -994 ദുബൈ - ഗോവ, എ.ഐ -994 ഗോവ- ദുബൈ സർവിസുകളാണ് നിർത്തുന്നത്. എയർഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ്-247 മുംബൈ -ദുബൈ, ഐ.എക്സ്-248 ദുബൈ - മുംബൈ, ഡൽഹി - ദുബൈ സെക്ടറിലുള്ള ഐ.എക്സ്-141 സർവിസുകൾ എന്നിവയാണ് നിർത്തുന്നത്.
ഈ സെക്ടറുകളിൽ മുൻകൂട്ടി ടിക്കറ്റെടുത്തവർ എയർഇന്ത്യയുടെയും എയർഇന്ത്യ എക്സ്പ്രസിന്റെയും സെയിൽസ് ടീമിനെ ഫോൺ മുഖേന ബന്ധപ്പെട്ട് ടിക്കറ്റുകൾ മാറ്റി ബുക്ക് ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫോൺ: എയർഇന്ത്യ: 06 5970444, എയർഇന്ത്യ എക്സ്പ്രസ് 06 5970303.
ഷാർജ, ദുബൈ വിമാനത്താവളങ്ങളിൽനിന്ന് കോഴിക്കോടേക്കും തിരിച്ചുമുള്ള എയർ ഇന്ത്യയുടെ വിമാന സർവിസ് പൂർണമായും നിർത്തുന്നുവെന്നും ഈ സർവിസുകൾ സമയത്ത് എയർ ഇന്ത്യ എക്സ്പ്രസ് ഏറ്റെടുക്കുമെന്നും എം.പി. അബ്ദുസ്സമദ് സമദാനി എം.പിയെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മാർച്ച് 12ന് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.