തന്റെ ജനതയുടെ ക്ഷേമത്തിന് അങ്ങേയറ്റം പ്രവര്‍ത്തിച്ച ഭരണാധികാരിയാണ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്. ജനങ്ങളെ എങ്ങനെ സന്തോഷിപ്പിക്കുമെന്നതിനെക്കുറിച്ചും ചിന്തിച്ചുകൊണ്ട് ജീവിതകാലം മുഴുവൻ ജീവിച്ച രാഷ്ട്ര പിതാവിനോടുള്ള അതിരറ്റ സ്നേഹം പ്രകടിപ്പിക്കാനായി ‘സായിദ് വര്‍ഷം’ എന്ന പേരില്‍ വര്‍ഷം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികള്‍ തന്നെ രാജ്യം കൊണ്ടാടി. അതോടൊപ്പം വിവിധ എമിറേറ്റുകള്‍ തങ്ങളുടെ രാഷ്ട്ര പിതാവിനോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ വിത്യസ്തമായ രീതികളാണ് പിന്തുടര്ന്നത്.
അജ്മാനില്‍ തന്നെ വിത്യസ്തങ്ങളായ സ്മാരകങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും അതിലേറെ വിത്യസ്തമാണ് ശൈഖ് സായിദിന്റെ സ്മരണകളുണര്‍ത്തുന്ന ശൈഖ് ഖലീഫ പാലം. യു.എ.ഇയിലെ ഏറ്റവും ചെറിയ എമിറേറ്റായ അജ്മാന്റെ വടക്കും തെക്കും പടിഞ്ഞാറും കിഴക്കും പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഈ പാലം. പാലത്തിന്റെ ഒത്ത നടുവില്‍ ശൈഖ് സായിദിന്റെ ചിത്രം കല്ലുകളാല്‍ രൂപപ്പെടുത്തിയിരിക്കുകയാണ്. അജ്മാന് നഗരസഭയുടെ ആഭിമുഖ്യത്തില്‍ എണ്‍പത് ലക്ഷം ചെറു കല്ലുകള്‍ ഉപയോഗിച്ച് മൂന്നു മാസത്തോളം പണിയെടുത്താണ് ഈ ചിത്രാവിഷ്കാരം ഒരുക്കിയിരിക്കുന്നത്.
ആകാശ കാഴ്ച്ചയിലാണ് ഇത് ദ്രിശ്യമാവുക. പ്രമുഖ ചിത്രകാരന് മാജിദ് അഹമദ് സൗദി ‘ഹരിതാഭയില്‍ സായിദ്’ എന്ന ആപ്തവാക്യത്തില്‍ ഈ പാലത്തിന്റെ ഒരു വശത്ത് നിറങ്ങള്‍ ചാലിച്ച് ഒരുക്കിയ ചിത്രം രാജ്യത്തെ ഹരിതാഭമാക്കുന്നതില്‍ ശൈഖ് സായിദ് വഹിച്ച പങ്ക് അനുസ്മരിപ്പിക്കുന്നതാണ്. സായിദ് വര്‍ഷത്തെ അനുസ്മരിപ്പിക്കുന്ന ഏറ്റവും വലിയ ചിത്രം ഈ പാലത്തിന്റെ തന്നെ മറ്റൊരു വശത്ത് കലാകാരനായ റാമി സഖൂയിയാണ് ഒരുക്കിയത്. മൂന്നാമത്തെ ചിത്രമൊരുക്കുന്നത് ‘മനുഷ്യ ക്ഷേമമാണ് പരമപ്രധാനം’ എന്ന തലക്കെട്ടിലുമാണ്. അതോടൊപ്പം ശൈഖ് മുഹമ്മദ് അടക്കം മറ്റു രാഷ്ട്ര നേതാക്കളുടെ സ്മരണകള്‍ നിലനിര്‍ത്തുന്നതിനും ഈ പാലത്തിന്റെ വിവിധ ഭാഗങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 223 മില്യണ്‍ ദിര്‍ഹം ചിലവിലാണ് ഈ പാലം പണികഴിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.