അജ്മാന്: 42 വർഷത്തെ മികച്ച ഭരണനേട്ടവുമായി മുന്നോട്ടു പോവുകയാണ് അജ്മാന് ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അൽ നുഐമി. ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരിച്ച ഭരണാധികാരികളുടെ പട്ടികയിൽ പ്രധാനിയാണിദ്ദേഹം.
യു.എ.ഇയിലെ ഏറ്റവും ചെറിയ എമിറേറ്റായ അജ്മാനെ വികസനങ്ങളുടെ പട്ടികയില്‍ ഏറെ മുന്നിലെത്തിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു. 1928 മുതൽ 54 വർഷം അജ്മാൻ ഭരിച്ച പിതാവ് ശൈഖ് റാശിദ് ബിൻ ഹുമൈദ് അൽ നുഐമിയുടെ പിൻഗാമിയാണ് ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി. 1981 സെപ്റ്റംബർ ആറിന് അധികാരത്തില്‍ എത്തിയ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി യു.എ.ഇ സ്ഥാപകരിൽ ഒരാളാണ്.
ശൈഖ് ഹുമൈദിന്റെ ഭരണകാലത്ത് എല്ലാ മേഖലകളിലും അജ്മാന് അഭൂതപൂര്‍വമായ വികസനത്തിന് സാക്ഷ്യംവഹിച്ചു.
രാജ്യത്തിന്റെ ഉന്നമനത്തിന് കൂടിയാലോചനയുടെ പ്രാധാന്യത്തിൽ ഉറച്ച് വിശ്വസിച്ച ശൈഖ് ഹുമൈദ് ഒരു ഉത്തരവിലൂടെ അജ്മാൻ എക്സിക്യൂട്ടിവ് കൗൺസിൽ സ്ഥാപിക്കുകയും മറ്റംഗങ്ങളോടൊപ്പം അജ്മാന് കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയെ ചെയര്‍മാനായും വൈസ് ചെയർമാനായി ശൈഖ് അഹമ്മദ് ബിൻ ഹുമൈദ് അൽ നുഐമിയും നിയമിച്ചു.
എമിറേറ്റിന്റെ പുരോഗതിയിൽ പ്രതിഫലിക്കുന്ന വികസന പ്രക്രിയ നടപ്പാക്കാനും പുതിയ തലമുറകളെ പ്രാപ്തരാക്കുന്നതിനുമുള്ള പ്രധാന അടിത്തറയായ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മേഖലകള്‍ക്കും ശൈഖ് ഹുമൈദ് പ്രത്യേക മുൻഗണന നൽകി. ഇതിനായി നിരവധി പുതിയ സ്കൂളുകളും സർവകലാശാലകളും സ്ഥാപിച്ചു.
അജ്മാൻ യൂനിവേഴ്സിറ്റി, ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി, സിറ്റി യൂനിവേഴ്സിറ്റി കോളജ് ഓഫ് അജ്മാൻ (സി.യു.സി.എ), യൂനിവേഴ്സിറ്റി കോളജ് ഓഫ് മദർ ആൻഡ് ഫാമിലി സയൻസസ്, ഫാത്തിമ കോളജ് ഓഫ് ഹെൽത്ത് സയൻസസ് തുടങ്ങി നിരവധി കോളജുകളും സർവകലാശാലകളും ഇന്റർനാഷനൽ കോളജ് ഓഫ് ലോ ബിസിനസ് അഡ്മിനിസ്ട്രേഷൻ ആൻഡ് ടെക്നോളജിയും ഉണ്ട്. മറ്റ് പ്രമുഖ സർവകലാശാലകളുടെ ശാഖകൾ സ്ഥാപിക്കുന്നതും മുഖ്യ പരിഗണനയിലാണ്.
നിലവിൽ പതിനായിരത്തോളം സംരംഭങ്ങളാൽ സമൃദ്ധമാണ് അജ്മാന് ഫ്രീസോണ്‍. വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും കപ്പലുകളുടെയും ചരക്കുകളുടെയും നീക്കങ്ങള്‍ കൈകാര്യം ചെയ്യാനും കഴിയുന്ന അത്യാധുനിക ഉപകരണങ്ങളാല്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അജ്മാൻ തുറമുഖം എമിറേറ്റിന്റെ സമ്പദ്വ്യവസ്ഥയുടെ പ്രധാന അടിത്തറയായി ഉയർന്നുനിൽക്കുന്നു. റിയല്‍ എസ്റ്റേറ്റ് നിക്ഷേപ, വിപണന മേഖലയില്‍ അജ്മാന് വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.
പ്രാദേശികവും അന്തർദേശീയവുമായ വിനോദസഞ്ചാരികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അജ്മാൻ മറീന, പൈതൃക ജില്ലയുടെ സ്ഥാപനം, പുതിയ ഹോട്ടല്‍ സമുച്ചയങ്ങൾ, മാർക്കറ്റുകൾ, പാർക്കുകൾ, വിനോദപരിപാടികൾ എന്നിവ ഉൾപ്പെടെ നിരവധി സൗകര്യങ്ങള്‍ മികവിന്റെ പട്ടികയില്‍ സ്ഥാനം പിടിച്ചു.
അജ്മാൻ മ്യൂസിയം എമിറേറ്റിന്റെ ചരിത്രത്തിൽ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 1984ൽ രാജ്യത്തെ ആദ്യത്തെ ചാരിറ്റി സംഘടനയായ ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ സ്ഥാപിച്ചു. ശൈഖ് ഹുമൈദ് ബിൻ റാശിദ് 1933ൽ അജ്മാനിലാണ് ജനിച്ചത്.1960 ലാണ് അജ്മാനിലെ കിരീടാവകാശിയായി ചുമതലയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.