അൽഐൻ: അൽഐൻ അൽ ജീമിയിലെ 'അൽഐൻ ആശുപത്രി'യിൽ മുഴു സമയ അത്യാഹിത വിഭാഗവും അടിയന്തിര പരിചരണ കേന്ദ്രവും വീണ്ടും തുറന്നു. 16 വയസ്സിന് മുകളിലുള്ള, എല്ലാ രാജ്യക്കാർക്കും ഏറ്റവും ഗുണമേന്മയും ആത്മാർത്ഥവുമായ പരിചരണവും മാതൃകാപരമായ സുരക്ഷയും ഉറപ്പുവരുത്തിക്കൊണ്ട് ആവശ്യമായ ചികിത്സാ സേവനങ്ങളോടുകൂടി അടിയന്തിര പരിചരണ വിഭാഗം ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും ഇവിടെ പ്രവർത്തിക്കും.
അടിയന്തിര സാഹചര്യങ്ങളിൽ രോഗികൾക്ക് എല്ലാ വിധ ചികിത്സയും പരിചരണവും ഇവിടെ ലഭിക്കും. ലബോറട്ടറി പരിശോധനകൾ, ഫിസിക്കൽ തെറാപ്പി, എക്സ് റേ തുടങ്ങിയ സേവനങ്ങൾ അടിയന്തിര പരിചരണ കേന്ദ്രത്തിൽ ലഭ്യമാകും. 30 കിടക്കകളും ഇവിടെ സജ്ജമാണ്. കോവിഡ് കാലത്ത് രോഗികളുടെ ചികിത്സക്ക് മാത്രമായി ഈ ആശുപത്രി മാറ്റിയിരുന്നു. മുഴു സമയ അത്യാഹിത വിഭാഗം വീണ്ടും പ്രവർത്തനമാരംഭിച്ചത് മലയാളികളടക്കമുള്ള പ്രസകൾക്ക് ഏറെ ഉപകാരപ്രദമാകും.
എല്ലാവിധ ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉള്ളവർക്കും ഇവിടെ ചികിത്സ ലഭ്യമാണ്. അടിയന്തിര ഘട്ടങ്ങളിൽ ഇൻഷുറൻസ് കാർഡ് ഇല്ലാത്തവരെയും 16 വയസ്സിന് താഴെയുള്ള കുട്ടികളെയും ചികിത്സക്കായി ഇവിടെ എത്തിക്കാം. നിലവിൽ അൽഐൻ ആശുപത്രിയിൽ 35 ലധികം സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളുണ്ട്. മുന്നൂറിലധികം ഡോക്ടർമാരും. 400 ലധികം കിടക്കകളുള്ള കണിശമായ പരിചരണം നൽകുന്ന, അടിയന്തിര സേവന ആശുപത്രിയാണ് ഇത്.
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിന്റെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. വിശാലമായ ഏരിയയിൽ ഉൾക്കൊള്ളുന്ന ഈ കെട്ടിടങ്ങൾ പണി പൂർത്തിയാകുന്നതോടുകൂടി ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് ഘട്ടം ഘട്ടമായി തുറന്നു കൊടുക്കും. യു.എ.ഇയുടെ ആതുര ശുശ്രൂഷ രംഗത്തെ വലിയ കുതിച്ചുചാട്ടത്തിന് അൽഐൻ ആശുപത്രിയുടെ പ്രവർത്തനം മുതൽക്കൂട്ടാകും.
അബൂദബി ആരോഗ്യ സേവന വിഭാഗത്തിന് (സേഹ) ക്ക് കീഴിലാണ് അൽഐൻ ആശുപത്രി പ്രവർത്തിക്കുന്നത്. സേഹയുടെ കേന്ദ്രങ്ങളെക്കുറിച്ച് കൂടുതലറിയാൻ, 80050 എന്ന നമ്പറിൽ വിളിക്കുകയോ അല്ലെങ്കിൽ www.seha.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. SEHA മൊബൈൽ ആപ്പ് വഴിയോ 02-4102200 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് വഴിയോ പരിശോധനക്ക് ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.