അൽ ഐൻ: അൽ ഐനിൽ നിന്നും ഷാർജയിലേക്കും തിരിച്ചുമുള്ള ബസുകൾ ഇനി രണ്ട് റൂട്ടുകളിലായി സർവിസ് നടത്തും. ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് അൽ ഐൻ ബസ് സ്റ്റേഷനിലേക്കും തിരിച്ചുമാണ് സർവിസ്. 811 റൂട്ടിൽ ബസുകൾ അൽ ശുവൈബ്, അൽ മദാം, മലീഹ, ദൈദ്, അൽ സുയൂഹ് പ്രദേശം, മലീഹ സ്ട്രീറ്റിലൂടെ ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിൽ എത്തിച്ചേരും. അൽ ശുവൈബ്, അൽ മദാം, മലീഹ, ദൈദ്, അൽ സുയൂഹ് പ്രദേശം തുടങ്ങിയ സ്ഥലങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകുന്നത് ആ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്രദമാകും.
118 റൂട്ടിലെ ബസുകൾ അൽ ഐൻ ദുബൈ റോഡ് - ഇ-66, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് - ഇ -311, എമിറേറ്റ്സ് റോഡ് - ഇ-611 വഴി മലീഹ സ്ട്രീറ്റിലൂടെ ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിൽ എത്തിച്ചേരും. 811 റൂട്ടിൽ ഷാർജയിൽ നിന്നും പുലർച്ചെ 4.45നാണ് ആദ്യ ബസ്. അവസാന സർവിസ് രാത്രി 10നും. അൽ ഐനിൽ നിന്ന് ഷാർജയിലേക്ക് ആദ്യ ബസ് രാവിലെ 6.30നും അവസാന ബസ് രാത്രി 11.30 നുമാണ്. 118 റൂട്ടിൽ ഷാർജയിൽ നിന്നും പുലർച്ചെ നാലിനാണ് ആദ്യ ബസ്. അവസാന സർവിസ് രാത്രി 10നും. അൽ ഐനിൽ നിന്ന് ഷാർജയിലേക്ക് ആദ്യ ബസ് രാവിലെ 7.15 നും അവസാന ബസ് രാത്രി 12നുമാണ്. ഒന്നര മണിക്കൂർ ഇടവിട്ടാണ് ഓരോ റൂട്ടിലും ബസുകൾ സർവിസ് നടത്തുന്നത്.
രണ്ട് സ്റ്റേഷനുകളിൽ നിന്നും രണ്ട് റൂട്ടിൽ ബസുകൾ ഉള്ളതിനാൽ അൽ ഐൻ ബസ് സ്റ്റേഷനിൽ നിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്കും ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിൽനിന്ന് അൽ ഐൻ ബസ് സ്റ്റേഷനിലേക്കും 45 മിനിറ്റ് ഇടവിട്ട് ബസ് സർവിസ് ഉണ്ടാകും. വ്യത്യസ്ത റൂട്ടുകളിൽ സർവിസ് നടത്തുന്ന ബസുകൾ ഓരോ ബസ് സ്റ്റേഷനുകളിലും എത്തിച്ചേരുന്നതിന് സമയവ്യത്യാസം ഉണ്ടാകുമെങ്കിലും, ഓരോ സ്റ്റേഷനിൽ നിന്നും ആദ്യം പുറപ്പെടുന്ന ബസുകളാണ് അവസാന സ്റ്റോപ് ആയ അതത് ബസ് സ്റ്റേഷനുകളിൽ ആദ്യം എത്തിച്ചേരുക. കാരണം ഓരോ സർവിസിനു ശേഷവും 45 മിനിറ്റ് കഴിഞ്ഞാണ് അടുത്ത സർവിസ് ഉണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.