ഖസർ അൽ വതനിലെ അൽ ബർസ മജ്ലിസ് സന്ദർശകരെ സ്വാഗതം ചെയ്യാൻ തയ്യാറായി. 2019ൽ പ്രസിഡൻഷ്യൽ കൊട്ടാരം തുറന്നുകൊടുത്തതിനു ശേഷം ഇതാദ്യമായാണ് പാരമ്പര്യവും പ്രൗഢിയും ഒരേസമയം വിളിച്ചോതുന്ന ഖസർ അൽ വതൻ സന്ദർശകരെ സ്വീകരിക്കുന്നത്.
മുന്നൂറോളം അതിഥികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് അലങ്കാരങ്ങൾ കൊണ്ട് സമ്പന്നമായ ഈ വേദി. യു.എ.ഇയുടെ സാംസ്കാരിക പൈതൃകത്തോട് ഇഴചേർന്നുകിടക്കുന്ന ഈ മജ്ലിസിലായിരുന്നു മുമ്പ് വിവരങ്ങൾ കൈമാറുന്നതിന് യോഗങ്ങൾ വിളിച്ചുചേർത്തിരുന്നത്. കൊട്ടാരത്തിലെ ഗ്രേറ്റ് ഹാൾ കഴിഞ്ഞാൽ വലിപ്പത്തിൽ രണ്ടാം സ്ഥാനമാണ് അൽ ബർസ മജ്ലിസിനുള്ളത്. മജ്ലിസിന്റെ പാരമ്പര്യ പങ്കിനെക്കുറിച്ച് അറിയാൻ മൾട്ടിമീഡിയ ഹെഡ്സെറ്റുകളുടെ സഹായവും അധികൃതർ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ടിക്കറ്റ് കൗണ്ടറിൽ നിന്ന് മൾട്ടിമീഡിയ ഹെഡ്സെറ്റുകൾ ലഭിക്കും.
ഇംഗ്ലീഷ്, അറബിക്, ജർമൻ, റഷ്യൻ, ചൈനീസ് ഭാഷകളിലേതെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്. യു.എ.ഇയുടെ ചരിത്രവും പാരമ്പര്യവും യാത്രയുമൊക്കെ അറിയുന്നതിന് പ്രസിഡൻഷ്യൽ കൊട്ടാരവളപ്പിൽ സ്ഥിതിചെയ്യുന്ന അൽബർസയിൽ സൗകര്യമുണ്ട്. സാംസ്കാരിക നിർമികൾ, കല, അപൂർവ കൈയെഴുത്ത് പ്രതികൾ എന്നിവയുടെ വിപുലമായ ശേഖരവും ഇവിടെയുണ്ട്.
ഖസർ അൽ വതനിൽ പ്രവേശിക്കണമെങ്കിൽ അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസും വാക്സിനേഷൻ എടുത്തതിന്റെ രേഖകളും കാണിക്കേണ്ടതുണ്ട്. അൽഹുസ്ൻ ആപ്പില്ലാത്തവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റും 14 ദിവസത്തിനുള്ളിൽ ലഭിച്ച നെഗറ്റീവ് പി.സി.ആർ സർട്ടിഫിക്കറ്റും മതിയാവും. രാവിലെ 11 മുതൽ രാത്രി എട്ടുവരെയാണ് പ്രവേശനം. കുട്ടികൾക്ക് 30ഉം മുതിർന്നവർക്കു 60ഉം ദിർഹമാണ് ടിക്കറ്റിന് ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.