ദുബൈ: അൽ മംസാർ, ജുബൈറ 1 ബീച്ച് വികസനത്തിന് 35.5 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി. പദ്ധതിയുടെ ഭാഗമായി എമിറേറ്റിൽ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ കാൽനടക്കാർക്കുള്ള ഫ്ലോട്ടിങ് ബ്രിഡ്ജിനെ അൽ മംസാർ ബീച്ചിന്റെ രണ്ട് ഭാഗവുമായി ബന്ധിപ്പിക്കും. 200 മീറ്റർ നീളമുള്ള പാലം ദുബൈയിൽ ഈ ഇനത്തിൽ ആദ്യത്തേതാണ്. പദ്ധതിക്ക് ദുബൈയിലെ നഗരാസൂത്രണ സമിതി കഴിഞ്ഞ ദിവസമാണ് കരാർ നൽകിയത്. 18 മാസത്തിനുള്ളിൽ വികസന പ്രവൃത്തികൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. 4.3 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്നതാണ് അൽ മംസാർ ബീച്ച്. 1.4 കിലോമീറ്ററാണ് ജുമൈറ ബീച്ച് ഒന്നിന്റെ നീളം. ഇതുകൂടാതെ ആഴ്ചയിൽ മുഴുവൻ ദിവസവും പ്രവർത്തിക്കുന്ന ആദ്യത്തെ രാത്രി ബീച്ച് ദേരയിൽ തുറക്കുമെന്നും അധികൃതർ വെളിപ്പെടുത്തി.
വികസന പ്രവൃത്തികൾ നടക്കുന്ന സമയത്ത് രണ്ട് ബീച്ചുകളും ഭാഗികമായി അടച്ചിടും. എന്നാൽ, തുറന്നിരിക്കുന്ന ഭാഗങ്ങളിൽ സംരക്ഷണമൊരുക്കിയശേഷം സന്ദർശകരെ അനുവദിക്കും. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടു ബീച്ചുകളിലായി 11 കിലോമീറ്റർ നീളത്തിൽ സൈക്ലിങ്, റണ്ണിങ് ട്രാക്കുകളും മരങ്ങളാൽ ചുറ്റപ്പെട്ട അഞ്ചു കിലോമീറ്റർ നടപ്പാതയും നിർമിക്കും. ബാർബിക്യു, ഫിറ്റ്നസിനുള്ള സൗകര്യങ്ങൾ, കുട്ടികൾക്ക് കളിക്കാനുള്ള ഇടം എന്നിവയും ഒരുക്കും. അതോടൊപ്പം വിശ്രമമുറികളും ആഘോഷ പരിപാടികൾക്കായുള്ള സ്ഥലവും നിർമിക്കും. 1400 കാറുകൾ പാർക്ക് ചെയ്യാവുന്ന സ്പോട്ടുകളും വികസനത്തിന്റെ ഭാഗമായി നിർമിക്കും. ബീച്ചിലെ പച്ചപ്പ് നിലനിർത്തുന്നതിന് സ്വയം പ്രവർത്തിക്കുന്ന ജലവിതരണ സംവിധാനവും ഒരുക്കുന്നുണ്ട്.
സേഫ്റ്റി ഡെപ്പോസിറ്റ് ബോക്സുകൾ, വൈഫൈ, ഇലക്ട്രോണിക് സ്ക്രീനുകൾ, സുരക്ഷ സേവനങ്ങൾ, ദുബൈ മുനിസിപ്പാലിറ്റിയിലെ കൺട്രോൾ റൂമുമായും പൊലീസുമായും ബന്ധിപ്പിച്ചിട്ടുള്ള 100 സുരക്ഷ കാമറകൾ എന്നിവയും ഒരുക്കും. അതേസമയം ജലവിതരണം, ഔട്ട്ലറ്റുകൾ, വാണിജ്യ കിയോസ്കുകൾ, റസ്റ്റാറന്റുകൾ, ഭക്ഷണ പാനീയങ്ങൾ വിതരണം ചെയ്യാനുള്ള സെൽഫ് സർവിസ് മെഷീനുകൾ, പരസ്യം ചെയ്യാനുള്ള ഇടങ്ങൾ, ഇരിപ്പിടങ്ങൾ, കുടകൾ തുടങ്ങിയ 50 ലധികം നിക്ഷേപ അവസരങ്ങളും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം തീരമേഖല 400 ശതമാനം വികസിപ്പിക്കുന്നതിനുള്ള പദ്ധതി മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചിരുന്നു. 21 കിലോമീറ്റർ നീളത്തിലുണ്ടായിരുന്ന ബീച്ച് 105 കിലോമീറ്റർ നീളത്തിലാണ് വികസിപ്പിക്കുന്നത്. ഖോർ അൽ മംസാർ, അൽ മംസാർ കോർണിഷ്, ജുമൈറ 1, ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖൈം 1, ഉമ്മു സുഖൈം 2, ജബൽ അലി തുടങ്ങി എട്ട് പൊതു ബീച്ചുകളാണ് ദുബൈ എമിറേറ്റിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.