ദുബൈ: ഗുരുത്വാകർഷണബലം ഇല്ലാത്ത സാഹചര്യങ്ങളിൽ ബഹിരാകാശ സഞ്ചാരിയുടെ ഉറക്കത്തിന്റെ ഗുണനിലവാരം കണ്ടെത്താനുള്ള സുപ്രധാന പരീക്ഷണം പൂർത്തിയാക്കി യു.എ.ഇയുടെ ബഹിരാകാശസഞ്ചാരി സുൽത്താൻ അൽ നിയാദി. ‘സ്വപ്നം’ എന്ന് പേരിട്ട പരീക്ഷണം യൂറോപ്യൻ സ്പേസ് ഏജൻസി, ഫ്രഞ്ച് സ്പേസ് ഏജൻസിയായ സി.എൻ.ഇ.എസ്, ടോളസ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെയാണ് പൂർത്തീകരിച്ചത്. ഉറക്കത്തിന്റെ ആഴം, ദൈർഘ്യം, ഗുണനിലവാരം, ഉറക്കത്തിലെ ഹൃദയമിടിപ്പിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങിയവ പഠനവിധേയമാക്കുകയായിരുന്നു ലക്ഷ്യം.
പ്രത്യേകം രൂപകൽപന ചെയ്ത ഹെഡ്സെറ്റ് ധരിച്ചായിരുന്നു പരീക്ഷണം. ബഹിരാകാശ കേന്ദ്രത്തിൽ ഹെഡ്സെറ്റ് ധരിക്കുന്ന നിയാദിയുടെ വിഡിയോ മീഡിയ ഓഫിസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഉറക്കത്തിന്റെ വിവിധ രീതികൾ നിരീക്ഷിക്കാൻ കഴിയുന്ന ഡ്രൈ-ഇ.ഇ.ജി (ഇലക്ട്രോ എൻസിഫലോഗ്രഫി) സെൻസറാണ് ഹെഡ്സെറ്റിൽ ഘടിപ്പിച്ചിരുന്നത്. ഇതുപയോഗിച്ച് ഉറക്കത്തിൽ സംഭവിക്കുന്ന മനുഷ്യശരീരത്തിലെ വിവിധ മാറ്റങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കും.
ഓരോ ദിവസവും 16 സൂര്യോദയങ്ങൾക്കും സൂര്യാസ്തമയങ്ങൾക്കും സാക്ഷിയാവുന്ന ബഹിരാകാശ നിലയത്തിലെ വ്യത്യസ്തമായ അവസ്ഥകൾ, ഭൂമിയിലെ പകൽ മുതൽ രാത്രി വരെയുള്ള ചക്രത്തെ തടസ്സപ്പെടുത്തുകയും ഉറക്കരീതികളെ സാരമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് പരിഹാരം തേടുന്നതാണ് പുതിയ പരീക്ഷണം. ഇതുവഴി ശേഖരിക്കുന്ന കണ്ടെത്തലുകൾ ബഹിരാകാശ സഞ്ചാരികളുടെ ഉറക്കത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാനുള്ള പ്രത്യേക തെറപ്പി വികസിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം മനുഷ്യന്റെ ഉറക്കത്തിന്റെ ക്രമം തെറ്റുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും പരീക്ഷണത്തിലെ വിവരങ്ങൾ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.