ദുബൈ: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയുള്ള സൈക്കിൾ പാതയെന്ന സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് ദുബൈ അൽ ഖുദ്രയിലെ സൈക്കിൾ ട്രാക്ക്. 80.6 കിലോമീറ്റർ പാതയൊരുക്കിയാണ് ഗിന്നസ് റെക്കോഡ് തിരുത്തിയെഴുതിയത്. 2020ൽ 33 കിലോമീറ്ററായിരുന്നപ്പോൾ എഴുതിയെടുത്ത റെക്കോഡാണ് തിരുത്തിയത്.
ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ആർ.ടി.എയുടെയും ഗിന്നസ് റെക്കോഡിന്‍റെയും നേട്ടങ്ങളും ലോഗോകളും ആലേഖനം ചെയ്ത മാർബിൾ ഫലകം അൽ ഖുദ്രയിൽ സ്ഥാപിച്ചു.
ഈ സൈക്കിൾ പാതക്കൊപ്പം 135 കിലോമീറ്റർ ദൈർഘ്യമുള്ള ഉപപാതകളുമുണ്ട്. വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ, റസ്റ്റാറന്‍റുകൾ, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ ദീർഘ ദൂര പാതയിലുണ്ട്. സ്വന്തമായി സൈക്കിളില്ലാത്തവർക്ക് ഇവിടെയെത്തിയാൽ സൈക്കിൾ വാടകക്കെടുക്കാം. അടിയന്തര ആവശ്യങ്ങൾക്ക് വിളിക്കാൻ 30 ഇടങ്ങളിൽ എമർജൻസി ഫോൺ സൗകര്യമൊരുക്കിയിട്ടുണ്ട്.
ദുബൈയെ സൈക്കിൾ സൗഹൃദ നഗരമാക്കുക എന്ന ലക്ഷ്യത്തിന്‍റെ വിജയമാണിതെന്ന് ട്രാഫിക് ആൻഡ് റോഡ് ഏജൻസി സി.ഇ.ഒ മൈത്ത ബിൻ അദായ് പറഞ്ഞു. ഉന്നത നിലവാരത്തിലാണ് സൈക്കിൾ ട്രാക്ക് നിർമിച്ചിരിക്കുന്നത്. സൈക്ലിസ്റ്റുകൾക്കായി സൂചന ബോർഡുകൾ എല്ലായിടത്തും സ്ഥാപിച്ചിട്ടുണ്ട്.
മണൽക്കൂനകൾക്കും തടാകങ്ങൾക്കും സമീപത്ത് കൂടെയാണ് ട്രാക്ക് കടന്നുപോകുന്നത്. ഇത് ആഗോളതലത്തിൽ സൈക്ലിംഗ് പ്രൊഫഷണലുകളുടെ ഇഷ്ടകേന്ദ്രമാക്കാൻ സഹായിക്കുന്നതായും മൈത്ത ബിൻ അദായ് പറഞ്ഞു.
ദുബൈയിൽ 524 കിലോമീറ്റർ സൈക്കിൾ ട്രാക്കാണുള്ളത്. 2026ഓടെ ഇത് 819 കിലോമീറ്ററാക്കി വർധിപ്പിക്കാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.