അബൂദബി: വിസ നിയമലംഘകർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് നടപടികൾ പൂർത്തീകരിക്കാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി യു.എ.ഇ അധികൃതർ. സെപ്റ്റംബർ ഒന്ന് മുതൽ ഒക്ടോബർ വരെ രണ്ട് മാസത്തേക്കാണ് ഇളവ്. ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ), വിവിധ രാജ്യങ്ങളുടെ എംബസികൾ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററ്റി.
സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി), ഷാർജ ഇന്ത്യൻ അസോസിയേഷൻ, ഇന്ത്യൻ സോഷ്യൽ സെന്റർ, വിവിധ കെ.എം.സി.സി കമ്മിറ്റികൾ, സാമൂഹിക കൂട്ടായ്മകൾ എന്നിവർ അപേക്ഷകർക്കായി പ്രത്യേക ഹെൽപ് ഡെസ്കുകൾ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാ എമിറേറ്റുകളിലും ഹെൽപ് ഡെസ്കുകൾ സജീവമാകും. കൂടാതെ ദുബൈ എമിറേറ്റിൽ 86 ആമിർ സെന്ററുകളിൽ അപേക്ഷകൾ സ്വീകരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ജി.ഡി.ആർ.എഫ്.എ ഒരു പ്രത്യേക സംഘത്തെ രൂപവത്കരിക്കുകയും ചെയ്തിരുന്നു. കസ്റ്റമർ ഹാപ്പിനസ് ആൻഡ് ഡിജിറ്റൽ സർവിസസ്, പ്രോ ആക്ടീവ് മീഡിയ കമ്യൂണിക്കേഷൻ, സർവിസസ് ഡെവലപ്മെന്റ് ടീം എന്നിവയുൾപ്പെടെ പ്രത്യേക വർക്കിങ് ടീമുകളെയാണ് രൂപവത്കരിച്ചത്.
അൽ അവീറിലെ ജി.ഡി.ആർ.എഫ്.എ കേന്ദ്രത്തിലാണ് ഫിങ്കർ പ്രിന്റ് പതിപ്പിക്കേണ്ട സേവനങ്ങളും രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്കുള്ള പെർമിറ്റുമായി ബന്ധപ്പെട്ട സേവനവും ലഭിക്കുക. വിസ ഇളവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ഔദ്യോഗിക സംവിധാനങ്ങളെ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന 8005111 എന്ന കാൾ സെന്റർ ജി.ഡി.ആർ.എഫ്.എ ഇതിനായി ഒരുക്കിയിട്ടുണ്ട്.
ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ എംബസി പ്രത്യേക സജ്ജീകരണങ്ങളൊരുക്കിയതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അല്‍ റീം, മുസ്സഫ, അല്‍ഐന്‍ എന്നിവിടങ്ങളിലെ ബി.എല്‍.എസ് കേന്ദ്രങ്ങളിലെത്തി യാത്രാരേഖകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാം. ഇതിനായി മുന്‍കൂര്‍ ബുക്കിങ് നടത്തേണ്ടതില്ല.
ഇന്ത്യയിലേക്ക് മടങ്ങിപ്പോവാന്‍ ആഗ്രഹിക്കുന്ന നിയമലംഘകര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഇ.സി.) അനുവദിക്കും. അപേക്ഷ സമര്‍പ്പിച്ച് 24 മണിക്കൂറിനുള്ളില്‍ ഇ.സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. ഇത് കോണ്‍സുലാര്‍ ഓഫിസില്‍ നിന്ന് കൈപ്പറ്റാം.
റെസിഡന്‍സി സ്റ്റാറ്റസ് ക്രമപ്പെടുത്താനാഗ്രഹിക്കുന്നവര്ക്ക് അല്‍റീം, മുസ്സഫ, അല്‍ഐന്‍ എന്നിവിടങ്ങളിലെ ബി.എല്‍.എസ് കേന്ദ്രങ്ങളിലെത്തി ഹ്രസ്വ കാലാവധിയുള്ള പാസ്പോര്‍ട്ടിന് അപേക്ഷിക്കാം. ബി.എല്‍.എസ് കേന്ദ്രങ്ങളെല്ലാം ഞായറാഴ്ചയും തുറന്നുപ്രവര്‍ത്തിക്കും. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പൊതുമാപ്പ് കാലയളവില്‍ ബി.എല്‍.എസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.
രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെയുള്ള സമയത്ത് യാത്രാരേഖകളുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ച് അറിയുന്നതിനായി 050-8995583 എന്ന നമ്പറില്‍ വിളിക്കാവുന്നതാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. നിയമലംഘകർ ഇളവ് ഉപയോഗപ്പെടുത്താൻ ശ്രമിക്കണമെന്ന് അധികൃതർ പ്രത്യേകം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.