അൽഐൻ: ഐൻ അൽഐൻ അമിറ്റി ക്ലബ് സംഘടിപ്പിച്ച പ്രഫഷനൽ പഞ്ചഗുസ്തി ചാമ്പ്യൻഷിപ് സമാപിച്ചു. അൽഐൻ ലുലു കുവൈത്താത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 75 കിലോയിൽ താഴെയുള്ള വിഭാഗത്തിൽ ഉമേഷ് (ഇന്ത്യ) ഒന്നാം സ്ഥാനവും യൂങ്സൗങ് ലീ (കൊറിയ) രണ്ടാം സ്ഥാനവും നേടി.
75-85 കിലോ വിഭാഗത്തിൽ മാക്സ് (യുക്രെയ്ൻ) ഒന്നാം സ്ഥാനവും വലീദ് റാമ്പോ (യു.എ.ഇ) രണ്ടാം സ്ഥാനവും 85 കിലോ മുകളിൽ വിഭാഗത്തിൽ മസാഹിർ (ഇന്ത്യ) ഒന്നാം സ്ഥാനവും മുഹമ്മദ് ഹില്ലെസ് (ഫലസ്തീൻ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് മത്സരത്തിൽ മസാഹിർ (ഇന്ത്യ) വിജയിയായി. കൊറിയ, റഷ്യ, ഈജിപ്ത്, ഇന്ത്യ, സിറിയ, ഫലസ്തീൻ യു.എ.ഇ തുടങ്ങി തദ്ദേശീയരും വിദേശീയരുമടക്കം പത്തോളം രാജ്യങ്ങളിൽനിന്നുള്ള ചാമ്പ്യന്മാരടക്കം 30ഓളം പേരാണ് മത്സരത്തിൽ പങ്കെടുത്തത്.
അൽ വക്കർ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. ഷാഹുൽ ഹമീദും ഐ.എസ്.സി പ്രസിഡന്റ് മുബാറക് മുസ്തഫയും ചേർന്ന് ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്തു. ഐൻ അമിറ്റി ക്ലബ് പ്രസിഡന്റ് വിഷ്ണു ആനന്ദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ലിജേഷ് ചിന്നപ്പൻ സ്വാഗതമാശംസിച്ചു.
ഐ.എസ്.സി ജനറൽ സെക്രട്ടറി മണികണ്ഠൻ, ന്യൂ അൽഐൻ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. സുധാകരൻ, ലോക കേരളസഭ അംഗം ഇ.കെ. സലാം, ലുലു കുവൈത്താത്ത് ജനറൽ മാനേജർ ഫിറോസ് ബാബു തുടങ്ങിയവർ ആശംസയർപ്പിച്ചു. അൽഐൻ ഐ.എസ്.സി പ്രസിഡന്റ് മുബാറക് മുസ്തഫയെ ചടങ്ങിൽ ആദരിച്ചു. പ്രോഗ്രാം കൺവീനർ അനൂപ് ശശിധരൻ ചടങ്ങിന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.