ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഏഴു കിലോ കഞ്ചാവുമായി യുവാവിനെ കസ്റ്റംസ് പിടികൂടി. ഏഷ്യക്കാരനായ യുവാവിൽനിന്നാണ് 7.06 കിലോ കഞ്ചാവ് പിടികൂടിയത്. ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ വന്നിറങ്ങിയ യുവാവിന്റെ പ്രവൃത്തിയിൽ സംശയം തോന്നിയ കസ്റ്റംസ് പരിശോധന നടത്തിയപ്പോഴാണ് പ്രഭാതഭക്ഷണം കൊണ്ടുവന്ന പാക്കറ്റിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയതെന്ന് പാസഞ്ചർ ഓപറേഷൻ സീനിയർ മാനേജർ ഖാലിദ് അഹമ്മദ് പറഞ്ഞു.
പ്രതിയെ ദുബൈ കസ്റ്റംസ് ആൻഡ് ആന്റി നാർകോട്ടിക് വിഭാഗത്തിന് കൈമാറി. പിടികൂടിയ കഞ്ചാവിന്റെ വില അധികൃതർ പുറത്തുവിട്ടിട്ടില്ല. ചിലർ ശരീരത്തിലും സൗന്ദര്യവർധക വസ്തുക്കളിൽ ഒളിപ്പിച്ചുമാണ് വിമാനത്താവളം വഴി മയക്കുമരുന്നുകൾ കടത്തുന്നത്.
ലഗേജുകളുടെ അടിയിലായും വസ്ത്രങ്ങളിൽ തേച്ചുപിടിപ്പിച്ചും ഭക്ഷ്യവസ്തുക്കളിലും മറച്ചുവെച്ചും മയക്കുമരുന്ന് കടത്തുന്നതായും ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ഖാലിദ് അഹമ്മദ് പറഞ്ഞു. എന്നാൽ, കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നൽകുന്ന പ്രത്യേക പരിശീലനവും സാങ്കേതിക വിദ്യകളുടെ സഹായവും മയക്കുമരുന്ന് കണ്ടെത്താൻ സഹായിക്കുന്നതായി ദുബൈ കസ്റ്റംസിലെ പാസഞ്ചർ ഓപറേഷനൽ ഡയറക്ടർ ഇബ്രാഹിം കമാലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.