സി.പി.എമ്മിന്‍റെ ക്രൂരതകൾ മറക്കില്ല; ലീഗ്​ യു.ഡി.എഫിനൊപ്പം തന്നെ -കെ.എം. ഷാജി

ദുബൈ: ലീഗിനോടും അണികളോടും സി.പി.എം ചെയ്ത ക്രൂരതകൾ മറക്കാൻ കഴിയില്ലെന്നും മുന്നണി വിടുന്ന കാര്യം ചർച്ച ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്നും മുസ്​ലിം ലീഗ്​ സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. ദുബൈയിൽ തൃശൂർ ജില്ല കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുറത്ത്​ പല ചർച്ചകളും നടക്കുന്നുണ്ട്​. അതിൽ യാഥാർഥ്യമില്ല. യു.ഡി.എഫിന്‍റെ മതേതര നിലപാടിനൊപ്പമായിരിക്കും ലീഗ്​ എന്നും. ഇന്ത്യയെ രക്ഷിക്കാൻ ലീഗിനെ കഴിയൂ. മുസ്​ലിം ലീഗ്​ അണികളെ സി.പി.എമ്മുകാർ വെട്ടിനുറുക്കിയത്​ മറക്കാൻ കഴിയില്ല. കുഞ്ഞാലിക്കുട്ടിയെയും സാദിഖലി തങ്ങളെയും രണ്ടായി നിർത്തി ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം വിഫലമാകും. ലീഗിന്‍റെ തീരുമാനങ്ങൾ ഒറ്റക്കെട്ടായാണ്​ നടപ്പാക്കുന്നത്​. ലീഗിന്​ വ്യക്​തമായ നിലപാടുണ്ട്​. സാദിഖലി തങ്ങൾ എടുക്കുന്ന തീരുമാനത്തിനൊപ്പം അടിയുറച്ച്​ നിൽക്കും. രാഷ്ട്രീയ താൽപര്യങ്ങൾക്കായി മതങ്ങളെ അകറ്റുന്ന സി.പി.എം നിലപാട്​ നല്ലതല്ല. അത്​ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും.

മുസ്​ലീം സമുദായത്തിനകത്ത്​ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചതിന്​ പുറമെ മുസ്​ലിങ്ങളെയും കൃസ്ത്യാനികളെയും തമ്മിലടിപ്പിക്കാൻ സി.പി.എം ശ്രമിച്ചു. വിഴിഞ്ഞത്ത്​ ബി.ജെ.പിക്കൊപ്പമാണ്​ സി.പി.എം സമരം ചെയ്തത്​. എന്തിന്​ വേണ്ടിയായിരുന്നു ഇത്​. കൂടുതൽ പെൺകുട്ടികളെ മുഖ്യധാരയിലേക്ക്​ കൊണ്ടുവരാൻ ലീഗും കെ.എം.സി.സിയും അണികളും ശ്രമിക്കണം. ഖത്തർ ലോകകപ്പ്​ നിരവധി മാതൃകകൾ തീർക്കുന്നുണ്ട്​. വംശീയതക്കും വർണ വിവേചനത്തിനും എതിരെ മാതൃകകൾ തീർക്കാൻ ലോകകപ്പിന്​ കഴിഞ്ഞിട്ടുണ്ട്​. വ്യക്​തമായ രാഷ്ട്രീയ വിളിച്ച്​ പറയുന്ന ലോകകപ്പ്​ കൂടിയാണിതെന്നും ഷാജി പറഞ്ഞു.

Tags:    
News Summary - atrocities of CPM will not be forgotten; League will remain with UDF - K.M. Shaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.