അൽഐൻ: ശൈത്യകാലം ശക്തിപ്പെടുകയും അവധിക്കാലം ആഗതമാകും ചെയ്ത ഈ സമയത്ത് അല്പം കരുതലാകാം. മരം കോച്ചുന്ന തണുപ്പിൽ നിന്ന് രക്ഷതേടാൻ തീ കായുന്നത് മലയാളികൾക്ക് ഗൃഹാതുരത സമ്മാനിക്കുന്നുണ്ടാകാം. എന്നാൽ തണുപ്പിൽ നിന്ന് രക്ഷതേടാൻ നാം ഉപയോഗിക്കുന്ന അശാസ്ത്രീയ രീതികൾ പലപ്പോഴും ചിലരുടെ ജീവൻ തന്നെ എടുത്തേക്കാം എന്നത് ഏറെ ദുഃഖകരമാണ്.
നമുക്ക് നിസ്സാരമെന്ന് തോന്നുന്ന, ഒഴിവാക്കാൻ പറ്റുമായിരുന്ന സംഭവങ്ങൾ കൊണ്ട് കഴിഞ്ഞ വർഷങ്ങളിൽ ചിലരുടെ ജീവനുകൾ പൊലിഞ്ഞ ദുഃഖകരമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തണുപ്പിൽ നിന്ന് രക്ഷ തേടാൻ, താമസിക്കുന്ന മുറിക്ക് പുറത്ത് കരി (ഫഹ്മ്) കത്തിച്ച് ഉറങ്ങുമ്പോയോ, മാംസം ചുട്ടെടുക്കാൻ ഉപയോഗിക്കുന്ന കരി പൂർണ്ണമായി അണക്കാതെ വീടിനോട് ചേർന്ന് വെക്കുകയോ ചെയ്യുമ്പോൾ, ഉറങ്ങിക്കിടക്കുന്ന മുറിയിലേക്ക് പുക പകർന്ന് അത് ശ്വസിക്കുമ്പോൾ ആണ് അപകടങ്ങൾ ഉണ്ടായത്.
തണുപ്പ്കാലമായാൽ യു.എ.ഇയിലെ മരുഭൂമികളിലും വീടകങ്ങളിലും വിറക് കത്തിച്ച് ഇറച്ചിയും കോഴിയും ചുടുന്നത് സാധരണമാണ്. ശൈത്യകാല ആരോഗ്യം കൃത്യമായി നിലനിർത്തികൊണ്ട്പോകാനും തണുപ്പ്കാല രോഗങ്ങളിലിനിന്ന് രക്ഷപ്പെടാനുമായി ബദുവിയൻ സംസ്കൃതിയുടെ ശീലങ്ങൾ പുതുതലമുറ ഏറ്റെടുക്കുകയും അവരിൽനിന്ന് പ്രവാസികൾ കണ്ട് പഠിക്കുകയും ചെയ്തതോടെയാണ് കനലടുപ്പുകൾക്ക് പ്രചാരം ലഭിക്കുന്നത്.
മരുഭൂമിയിലെത്താൻ സാധിക്കാത്തവർ വീടകങ്ങൾ തന്നെ ഇറച്ചി ചുടാൻ തെരഞ്ഞെടുക്കുന്നു. എന്നാൽ ചെറിയ അശ്രദ്ധ മൂലം വീട്ടിലെ ഇറച്ചി ചുടൽ വൻ ദുരന്തത്തിലേക്ക് നയിച്ചേക്കുമെന്നാണ് മുൻ അനുഭവങ്ങൾ പറയുന്നത്.
താമസ സ്ഥലത്തോട് ചേർന്ന് 'ബാർബിക്ക്യു' പാകം ചെയ്ത ശേഷം തീ പൂർണമായും അണക്കാതെ മുറിയിൽ കിടന്നുറങ്ങിയത്, യുവാക്കളെ മരണത്തിൽ കൊണ്ടെത്തിച്ച അനുഭവങ്ങളും ദുബൈയിൽ ഉണ്ടായിട്ടുണ്ട്. വിറക് പുകയുമ്പോൾ ഉപ്പാദിപ്പിക്കപ്പെടുന്ന കാർബൺ മോണോക്സൈഡ് ആണ് പലപ്പോഴും മരണത്തിന് കാരണമാകുന്നത്.
അതിന് നിറമോ മണമോ ഇല്ല. ഉറങ്ങിക്കിടക്കുന്നവർ മുറിക്കകത്ത് ഇത് നിറയുന്നത് അറിയാതെ അബോധാവസ്ഥയിലാക്കുകയും മരണത്തിന് കീഴപ്പെടുകയാണ്.യുവാക്കളാണ് പലപ്പോഴും ഇത്തരം അപകടങ്ങളിൽ പെടുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ആഹാരമെല്ലാം കഴിച്ച് ഉറങ്ങുന്നതിനു മുമ്പ് നാം കൊളുത്തിവെച്ച കനലുകൾ നേരാവണ്ണം അണച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ മറക്കരുത്. തണുപ്പിൽ നിന്ന് രക്ഷതേടാൻ അപകടരഹിതമായ മാർഗങ്ങൾ മാത്രം അവലമ്പിക്കുകയും വേണം.
ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമായ ഓക്സിജൻ ശരീര കലകൾക്ക് എത്തിച്ചു കൊടുക്കുന്നത് അരുണ രക്താണുക്കളാണ്. ഈ രക്താണുക്കൾ ഓക്സിജനേക്കാൾ വേഗത്തിൽ കാർബൺ മോണോക്സൈഡ് ആഗിരണം ചെയ്യുന്നു എന്നതിലാണ് അപകടം പതിയിരിക്കുന്നത്. ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുകയും കാർബൺ മോണോക്സൈഡ് വിഷബാധ ഉണ്ടാകുകയും ചെയ്യുന്നതോടെ വിഷബാധ ഏൽക്കുന്ന വ്യക്തിക്ക് എഴുന്നേൽക്കാനോ സംസാരിക്കാനോ പോലും പറ്റാത്ത അവസ്ഥ സംജാതമാകുന്നു.
ശ്വസനവായുവിൽ കാർബൺ മോണോക്സൈഡിന്റെ അളവ് കൂടുമ്പോൾ വിഷബാധയേൽക്കുന്ന വ്യക്തിക്ക് പെട്ടന്ന് തന്നെ ബോധക്ഷയം സംഭവിക്കുകയോ ശ്വാസതടസ്സം അനുഭവപ്പെടുകയോ നാഡീസ്പന്ദനം മന്ദീഭവിക്കുകയോ ചെയ്തേക്കാം. ഇത്തരം സാഹചര്യങ്ങളിൽ വ്യക്തിയെ എത്രയും പെട്ടന്ന് ശുദ്ധവായു ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് മാറ്റി ഓക്സിജൻ നൽകുകയും വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുകയുമാണ് വേണ്ടത്. അല്ലാത്തപക്ഷം ജീവൻ തന്നെ അപകടത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.