ചില യാത്രകളിൽ ലക്ഷ്യ സ്ഥാനങ്ങളേക്കാൾ മനോഹരമായിരിക്കും അവിേടക്കുള്ള വഴിക്കാഴ്ചകൾ. ജബൽ ഹഫീത് പർവതത്തിലേക്കുള്ള യാത്രയും ഇത്തരത്തിൽ ഒന്നാണ്. ജബൽഹഫീതിെൻറ മനോഹാരിതയോട് കിടപിടിക്കുന്നതാണ് ഇവിടേക്കുള്ള വഴിയും. കഴിഞ്ഞയാഴ്ചയാണ് ലോകത്തിലെ ഏറ്റവും മനോഹരമായ റോഡ് യാത്രാ മാർഗങ്ങളിൽ അൽഐൻ ജബൽ ഹഫീത് പാത മൂന്നാം സ്ഥാനം നേടിയത്.
ഈ വഴിയിൽ ഒരുതവണയെങ്കിലും സഞ്ചരിച്ചവർക്കറിയാം ഇത് അർഹതപ്പെട്ട അംഗീകാരമാണെന്ന്. സന്ദർശകർക്ക് മനംകുളിർപ്പിക്കുന്ന കാഴ്ചകളും സാഹസികതയും സമ്മാനിക്കുന്ന ഏറ്റവും മികച്ച ഫോട്ടോജെനിക് പാത. പെൻറഗൺ മോട്ടോർ ഗ്രൂപ്പ് പുറത്തുവിട്ട ഇൻസ്റ്റാഗ്രാം ഡാറ്റ പ്രകാരം ആസ്ട്രേലിയയിലെ ഗ്രേറ്റ് ഓഷ്യൻ റോഡും കാലിഫോർണിയയിലെ ബിഗ് സർ റോഡും കഴിഞ്ഞാൽ ഏറ്റവും മനോഹരം.
11.7 കിലോമീറ്ററാണ് (7.3 മൈൽ) ഈ റോഡിെൻറ നീളം. 21 വളവുകളുണ്ട്. വൃത്തിയും വെടിപ്പുമുള്ള ഈ പാതയോരങ്ങളിലെ കാഴ്ചകൾ ആരുയെും മനംകുളിർപ്പിക്കും. മലയിലേക്ക് കയറുന്നതിനായി രണ്ടുവരി പാതയും ഇറങ്ങുന്നതിന് ഒറ്റവരി പാതയുമാണ് നിർമ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗതാഗത പാതയാണിത്. അതിനാൽ തന്നെ ചൂടും തണുപ്പും അതിെൻറ ഹൈ ലെവവലിൽ ഇവിടെ അനുഭവിക്കാം. നിരവധി സിനിമികളുടെ ഷൂട്ടിങ് സെറ്റ് കൂടിയാണ് ഈ വഴി.
വാഹന യാത്രികർക്ക് മാത്രമല്ല, സൈക്ക്ൾ യാത്രക്കാർക്കും സാഹസീക യാത്രക്ക് ആശ്രയിക്കാം ഈ വഴിയെ. ജർമ്മനിയിലെ സ്ട്രാബാഗ് ഇൻറർനാഷണൽ കൊളെങ് ആണ് പാത നിർമ്മിച്ചത്. എല്ലാവർഷവും ജനുവരിയിൽ ജബൽ ഹഫീത് മെർകുർ ചാലഞ്ച് എന്ന സൈക്ലിങ് മത്സരം നടക്കുന്നുണ്ട്. 1980ലാണ് റോഡ് നിർമിച്ചത്. രണ്ട് ക്ലൈംബിങ് പൊയൻറുകളുള്ള റോഡിനെ 'ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവിങ് റോഡ്' എന്നാണ് എഡ്മണ്ട്‌സ്.കോം വിശേഷിപ്പിച്ചത്.
മുകളിലെത്തിയാൽ
യു.എ.ഇയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ പർവതത്തിലേക്കുള്ള പാതയാണിത്. വഴി അവസാനിക്കുന്നിടത്ത് പാർക്കിങ് തുടങ്ങും. 1240 മീറ്റർ ഉയരമുണ്ട് അബൂദബി എമിറേറ്റിലെ ഏക പർവ്വതത്തിന്. യു.എ.ഇ-ഒമാൻ രാജ്യങ്ങളുടെ അതിർത്തിയിലാണ് ഈ പർവ്വതം. കൊടും ചൂടിലും ഇവിടേക്ക് സഞ്ചാരികൾ ഒഴുകുന്നുണ്ട്. ഒട്ടേറെ ഗുഹകളുണ്ട്. ചിലത് 150 മീറ്ററിലേെറ ആഴം വരും. പർവത താഴ്‌വാരം നീരുറവകളും തടാകവുമുള്ള വിനോദ സഞ്ചാര മേഖലയാണ്. പർവതത്തിെൻറ വടക്കുകിഴക്കായുള്ള വാദി താരാബത്ത് ഏറ്റവും വലിയ വാദിയാണ്. പർവതത്തിൽ നിന്ന് അൽഐൻ സിറ്റിയുടെ ഉൾ ഭാഗത്തേക്ക് നീളുന്ന റിഡ്ജുകൾ (വരമ്പുകൾ) ഉണ്ട്. അൽ നഖ്ഫ റിഡ്ജ് അൽഐൻ ഒയാസിസ് വരെ നീളുന്നു. രണ്ടാമത്തെത് വെസ്റ്റേൺ റിഡ്ജാണ്.
നാഷനൽ പാർക്കിെൻറ ഭാഗമാണ് ജബൽ ഹഫീത് പർവതം. മെസിയാദ് കോട്ട, ഹഫീത് ഗ്രേവ്‌സ്, മരുപ്പച്ചകൾ എന്നിവയും ദേശീയ ഉദ്യാനത്തിെൻറ ഭാഗം. വംശനാശഭീഷണി നേരിടുന്ന ഒട്ടേറെ സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ് ഈ പർവ്വതം. വവ്വാൽ, കുറുക്കൻ, പാമ്പുകൾ, എലി, ഹൈറാക്‌സുകൾ എന്നിവ ഉൾപ്പെടുന്ന ജബൽ ഹഫീതിലെ ഗുഹകൾ വൈവിധ്യമാർന്ന മൃഗങ്ങളുടെ സ്വാഭാവിക ആവാസ കേന്ദ്രമാണ്. 119 ഇനം പക്ഷികൾ, 200 ഓളം വ്യത്യസ്ത ജന്തുക്കൾ, 23 ഇനം ചിത്രശലഭങ്ങൾ, ഏഴ് ഇനം ലെയ്‌സ്വിങ് പ്രാണികൾ എന്നിവ കണ്ടെത്തിയ രാജ്യത്തെ ഏറ്റവും വലിയ ജൈവവൈവിധ്യ കേന്ദ്രവുമാണ്.
യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റും ഈ മേഖലയിലാണ്. ജബൽ ഹഫീത് പർവത ശിഖരത്തിലെ വിശാലമായ ഒബ്‌സർവേഷൻ പോയിൻറിൽ നിന്നുള്ള വിദൂരക്കാഴ്ചയാണ് ജബൽ ഹഫീതിനെ യു.എ.ഇയിലെ ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമാക്കിയത്. ഈ പർവതത്തിെൻറ താഴ്‌വാരത്തെ വിനോദസഞ്ചാര കേന്ദ്രമാണ് ഗ്രീൻ മുബസറ. കുട്ടികൾക്കും മുതിർന്നവർക്കും വിനോദത്തിനും താമസത്തിനുമുള്ള സൗകര്യങ്ങൾ ഗ്രീൻ മുബസറയിൽ താമസിക്കാനെത്തുന്ന സഞ്ചാരികളും ധാരാളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.