ദുബൈ: നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സൈക്കിൾ, ഇ-സ്കൂട്ടർ യാത്രക്കാർക്ക് ബോധവത്കരണമൊരുക്കി ദുബൈ പൊലീസും റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യും. ദുബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾകൂടിയായ കൈറ്റ് ബിച്ചിലും ജുമൈറ ബീച്ചിലുമാണ് പ്രധാനമായും ബോധവത്കരണം നടത്തിയത്. ആകെ 1585 ഉപയോക്താക്കൾക്ക് നിയമത്തെയും നിയന്ത്രണങ്ങളെയും കുറിച്ച് അവബോധം പകരാൻ പരിപാടികളിലൂടെ സാധിച്ചതായി അധികൃതർ വ്യക്തമാക്കി.
ഗതാഗത നിയമലംഘനങ്ങൾ കുറക്കാനും അപകടങ്ങളില്ലാതാക്കാനും ലക്ഷ്യംവെച്ചാണ് പരിപാടികൾ ഒരുക്കുന്നതെന്ന് ദുബൈ പൊലീസിലെ ട്രാഫിക് വിഭാഗം ആക്ടിങ് ഡയറക്ടർ ബ്രി. ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു. സൈക്ലിങ്ങിനും സ്കൂട്ടറിനും ഉപയോഗിക്കേണ്ട റോഡുകളും പാതകളും ഉപയോക്താക്കൾക്ക് പരിചയപ്പെടുത്തുകയും സുരക്ഷക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പഠിപ്പിക്കുകയുമാണ് ബോധവത്കരണത്തിന്റെ ഭാഗമായി നടക്കുന്നത്. യാത്രയിൽ ഹെൽമെറ്റ്, റിഫ്ലക്ടീവ് വസ്ത്രങ്ങൾ, ലൈറ്റുകൾ എന്നിവ ഉപയോഗിക്കണമെന്നും നിർദേശിക്കുന്നുണ്ട്. അപകടങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ശരിയായ ബ്രേക്ക് ഇ-സ്കൂട്ടറുകളിലുണ്ടാകണമെന്നും അധികൃതർ നിർദേശിക്കുന്നു. സൈക്കിൾ, ഇ-സ്കൂട്ടർ റൈഡർമാർ നിയമം പാലിക്കുന്നതിൽ വ്യാപകമായി വീഴ്ചവരുത്തുന്നതായി അധികൃതർ കണ്ടെത്തിയിരുന്നു.
നിശ്ചിത സ്ഥലങ്ങളിലല്ലാതെ ഉപയോഗിക്കുക, സുരക്ഷാ ഉപകരണങ്ങൾ ധരിക്കാതിരിക്കുക എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങൾ. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനും സൈക്കിളുകളുടെയും ഇലക്ട്രിക് സ്കൂട്ടറുകളുടെയും ഉത്തരവാദിത്തമുള്ള ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും കാമ്പയിൻ ലക്ഷ്യമിടുന്നു. നിയമലംഘനങ്ങൾ കുറച്ചുകൊണ്ടുവരുന്നതിന് ദുബൈ പൊലീസ് ട്രാഫിക് പരിശോധനകളും ബോധവത്കരണവും ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.