അബൂദബി: എമിറേറ്റിലെ നിരത്തുകളില്‍ സൈക്കിളുകളും ഇ-സ്‌കൂട്ടറുകളും സുരക്ഷിതമാക്കാൻ ബോധവത്കരണവുമായി അധികൃതര്‍. അബൂദബി സംയോജിത ഗതാഗത കേന്ദ്രത്തിന്‍റെ (ഐ.ടി.സി) അനുമതിയില്ലാതെ പ്രധാന പാതകളിലും ഹൈവേകളിലും നടപ്പാതകളിലും ഇവ ഓടിക്കരുതെന്നും നിര്‍ദിഷ്ട പാതകളിലൂടെ മാത്രമേ സഞ്ചരിക്കാവൂ എന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരം വാഹനങ്ങളോടിക്കുമ്പോള്‍ ഹെല്‍മറ്റും മറ്റു സുരക്ഷാ ഉപകരണങ്ങളും ധരിക്കണം. രാത്രികാലങ്ങളില്‍ പ്രതിഫലിക്കുന്ന ജാക്കറ്റുകളും ധരിക്കണം. രാത്രി യാത്രക്കായി സൈക്കിളുകളിലും ഇലക്ട്രിക് സ്‌കൂട്ടറുകളിലും വെള്ള ഹെഡ് ലൈറ്റും പകല്‍ ഉപയോഗിക്കാന്‍ ചുവപ്പ് ലൈറ്റോ ചുവന്ന റിഫ്ലക്ടറോ വേണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
സൈക്കിളിലും ഇ-ബൈക്കിലും ഒരാളേ പാടുള്ളൂ. ഇതര സൈക്കിളുകളില്‍നിന്ന് മതിയായ അകലം പാലിക്കണം, മറികടക്കാന്‍ പാടില്ല, സുരക്ഷാ നിര്‍ദേശങ്ങളും ഗതാഗത സിഗ്‌നലുകളും പാലിക്കണം, കാല്‍നടക്കാര്‍ക്ക് മുന്‍ഗണന കൊടുക്കുകയും വേണം. നിര്‍ദിഷ്ട ഇടങ്ങളില്‍ മാത്രമേ സൈക്കിളുകളും ഇ-സ്‌കൂട്ടറുകളും പാര്‍ക്ക് ചെയ്യാന്‍ പാടുള്ളൂ.
എമിറേറ്റില്‍ ഇലക്ട്രിക് ബൈക്കുകള്‍ക്കും സൈക്കിളുകള്‍ക്കും മാത്രമായി നേരേത്തതന്നെ നിയമം നടപ്പാക്കിയിരുന്നു. നിർദിഷ്ട ലൈനുകളില്‍ മാത്രമേ യാത്ര പാടുള്ളൂ എന്ന് കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. നിര്‍ദിഷ്ട ലൈനുകള്‍ ഇല്ലാത്ത ഇടത്ത് റോഡില്‍ അരികുചേര്‍ന്നുപോവുകയും മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ മാത്രം സഞ്ചരിക്കുകയും വേണം.
മറ്റു വാഹനങ്ങള്‍ പിടിച്ച് സൈക്കിള്‍ സഞ്ചാരം നടത്തരുത്. ഇ-ബൈക്കുകളുടെ സഞ്ചാരഗതി മനസ്സിലാക്കുന്നതിന് ട്രാക്കിങ് ഡിവൈസ് ഘടിപ്പിച്ചിരിക്കണം. ഹാന്‍ഡില്‍ ബാറില്‍ മുന്നറിയിപ്പ് ശബ്ദസംവിധാനം, മികച്ച ബ്രേക്ക് സംവിധാനം എന്നിവ ഉണ്ടാവണം.
അബൂദബി പൊലീസും സംയോജിത ഗതാഗതകേന്ദ്രവും സംയുക്തമായാണ് ബോധവത്കരണ പരിപാടിക്കു തുടക്കം കുറിച്ചത്. സൈക്കിള്‍ സൗഹൃദ നഗരമെന്ന നിലയില്‍ അബൂദബിയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കാമ്പയിന്‍. യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ നിയമാവലി പുറത്തിറക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.