അബൂദബി: 21ാമത് അബൂദബി അന്താരാഷ്ട്ര ഹണ്ടിങ് ആന്‍ഡ് ഇക്വേസ്ട്രിയന്‍ എക്സിബിഷനില്‍ (അഡിഹെക്സ്) വമ്പൻ ലേലം. 15 അറേബ്യന്‍ തനത് ഒട്ടകങ്ങളെ ലേലത്തില്‍ വിറ്റത് 25 ലക്ഷം ദിര്‍ഹമിന്. ഓട്ടമല്‍സരത്തില്‍ പേരുകേട്ട മികച്ച ബ്രീഡുകളാണ് വൻതുകയ്ക്ക് ലേലത്തില്‍ വിറ്റത്. അബൂദബി നാഷനല്‍ എക്സിബിഷന് സെന്ററില്‍ (അഡ്നെക്) സെപ്തംബര്‍ എട്ടുവരെയാണ് അഡിഹെക്സ് തുടരുക. യു.എ.ഇയുടെ പൈതൃക സംസ്കാരം സംരക്ഷിക്കുന്നതിനും പുതുതലമുറയ്ക്കതു കൈമാറുന്നതിനുമൊക്കെയായാണ് വര്‍ഷം തോറും അഡിഹെക്സ് സംഘടിപ്പിച്ചുവരുന്നത്.
യു.എ.ഇയില്‍ നിന്നും ജി.സി.സി. രാജ്യങ്ങളില്‍ നിന്നുമായി നൂറുകണക്കിനു പേരാണ് അഡിഹെക്സ് വേദിയിലെത്തി ലേലത്തിലും മറ്റും പങ്കുചേരുന്നത്. കഴിഞ്ഞവർഷം നടന്ന വാശിയേറിയ ഫാല്‍ക്കണ്‍ ലേലത്തില്‍ അപൂര്‍വ ഫാല്‍ക്കണ്‍ വിറ്റുപോയത് 10 ലക്ഷത്തിലേറെ ദിര്‍ഹത്തിനാണ്. അമേരിക്കന്‍ ഫാല്‍ക്കണായ പ്യുവര്‍ ഗിര്‍ അള്‍ട്രാ വൈറ്റ് ഫാല്‍ക്കണാണ് വന്‍തുകയ്ക്ക് വിറ്റുപോയത്. അഡിഹെക്സ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയായിരുന്നു ഇത്. പ്യുര്‍ ഗിര്‍, പ്യുര്‍ ഗിര്‍ മെയില്‍, പ്യുര്‍ സേകര്‍ എന്നിങ്ങനെ മൂന്നു ബ്രീഡുകളിലുള്ള വളര്‍ത്തു ഫാല്കണുകള്ക്കായി ആറുവിഭാഗങ്ങളിലാണ് സാധാരണയായി ലേലം നടത്തുക. ഏറ്റവും സൗന്ദര്യമുള്ള ഫാല്‍കണുകളുടെ മല്‍സരവും ഇതിനൊപ്പം നടത്തുന്നുണ്ട്. ഉമ്മുജെനിബ ഫാം നടത്തുന്ന ഫാല്‍ക്കണ്‍ നറുക്കെടുപ്പുകളും ലേലത്തിന്റെ ഭാഗമാണ്. പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ വേട്ട, കുതിരസവാരി, പൈതൃകസംരക്ഷണ പ്രദര്‍ശനമാണിത്. ഫാൽക്കൺറി, വേട്ടയാടൽ, ഷൂട്ടിങ്, കടൽ വേട്ട, കുതിരസവാരി, ഔട്ട്ഡോർ വിനോദം അടക്കം 13 വ്യത്യസ്ത സാംസ്കാരിക മേഖലകളിൽ നിന്നുള്ള ഏറ്റവും നൂതന സാങ്കേതികവിദ്യകളും പുത്തൻ ട്രെൻഡുകളും എക്സിബിഷനുകളുടെ പ്രത്യേകതയാണ്.
പ്രൊഫഷനൽ ഫാൽക്കണർമാരുടെയും കുതിരപ്പടയാളികളുടെയും അസാധാരണമായ കഴിവുകൾ പ്രദർശിപ്പിക്കുന്ന ആവേശകരമായ ഷോകൾ മേളയ്ക്ക് കൊഴുപ്പേകുന്നു. സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പരമ്പരാഗത പ്രകടനങ്ങൾ, കലാ പ്രദർശനങ്ങൾ, രുചികരമായ വിഭവങ്ങൾ എന്നിവയും മേളയിൽ ഒരുക്കുന്നു.
44ല്‍ അധികം രാജ്യങ്ങളില്‍ നിന്നായി 680നു മേല്‍ ലോകോത്തര ബ്രാന്‍ഡുകള്‍ പങ്കെടുക്കുന്ന പ്രദര്‍ശം 65000 ചതുരശ്ര മീറ്ററിലാണ് അഡ്നെകില്‍ സജ്ജമാക്കിയിരിക്കുന്നത്. പ്രദര്‍ശകരുടെ എണ്ണം, സന്ദര്‍ശകരുടെ എണ്ണം, രാജ്യങ്ങള്‍, പ്രദര്‍ശന സ്ഥലത്തിന്റെ വലിപ്പം, പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്തുക്കള്‍ തുടങ്ങി എല്ലാ വിധത്തിലും ബൃഹത്തായ പ്രദര്‍ശനമാണിത്.
വേട്ട, കുതിരയോട്ടം, മറ്റ് പരമ്പരാഗത കായിക പരിപാടികള്‍ തുടങ്ങിയ വിപുലമായ പരിപാടികളാണ് സജ്ജീകരിക്കുക. ഫാല്‍ക്കണുകള്‍, കുതിരകള്‍, ഒട്ടകങ്ങള്‍, സലൂകി എന്നിവയുടെ ലേലവും സൗന്ദര്യ മല്‍സരവും പ്രദര്‍ശനത്തില്‍ അരങ്ങേറും. വേട്ടയാടല്‍, ക്യാംപിങ്, ക്യാംപിങ് ഉപകരണങ്ങള്‍, വേട്ടയാടുന്നതിനുള്ള തോക്കുകള്‍, പരിസ്ഥിതി സംരക്ഷണം, സാംസ്കാരിക പൈതൃകം, മല്‍സ്യബന്ധന ഉപകരണങ്ങള്‍, മറൈന്‍ സ്പോര്‍ട്സ് തുടങ്ങിയ വിവിധ മേഖലകളിലായാണ് അഡിഹെക്സ് പ്രദര്‍ശനം ശ്രദ്ധയൂന്നിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.