അൽഐൻ: കേരളത്തിലെ വിദ്യാലയങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ വേനൽ അവധിക്കാലമായതിനാൽ കേരളത്തിൽനിന്ന് മാർച്ച് അവസാനം മുതൽ യു.എ.ഇയിലേക്ക് വിമാന ടിക്കറ്റ് നിരക്കിൽ വൻവർധന. മാർച്ച് അവസാനവും ഏപ്രിൽ ആദ്യത്തിലും കേരളത്തിൽനിന്നും യു.എ.ഇയിലേക്കും ഏറ്റവും കുറഞ്ഞ നിരക്ക് 23500 ഇന്ത്യൻ രൂപയാണ്. വിദ്യാലയങ്ങൾക്ക് അവധിയായതിനാൽ കുടുംബങ്ങളെ വിസിറ്റ് വിസയിൽ യു.എ.ഇയിലേക്കു കൊണ്ടുവരുന്നതിനാൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
വിസിറ്റ് വിസ പുതുക്കണമെങ്കിൽ യു.എ.ഇക്ക് പുറത്തുപോയി തിരികെ വരണം എന്ന നിബന്ധന പ്രാബല്യത്തിലായതിനാൽ പലരും വിസിറ്റ് വിസ പുതുക്കാൻ നാട്ടിലേക്ക് തിരിക്കുകയാണ്. ഇതും തിരക്ക് വർധിക്കാൻ ഒരു കാരണമാണ്. ഏപ്രിൽ ഒന്നിന് കോഴിക്കോട്ടു നിന്ന് ദുബൈയിലേക്ക് 26000 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. കൊച്ചിയിൽനിന്നും കണ്ണൂരിൽനിന്നും 30000 രൂപക്ക് മുകളിൽ വരും. മൂന്നും നാലും അംഗങ്ങളുള്ള കുടുംബത്തിന് ഇത് വലിയ ബാധ്യതയാണ് വരുത്തിവെക്കുക. അവധിക്ക് നാട്ടിൽപോയി വരുന്ന പ്രവാസികളെയും ജോലി അന്വേഷിച്ചുവരുന്നവരെയും അടിയന്തര ആവശ്യങ്ങൾക്ക് നാട്ടിൽ പോയിവരേണ്ടവരെയും ഉയർന്ന നിരക്ക് കാര്യമായി ബാധിക്കും.
ഏപ്രിൽ ആദ്യത്തിൽ കോഴിക്കോടുനിന്നും ദുബൈയിലേക്കും ഷാർജയിലേക്കും അൽഐനിലേക്കുമുള്ള എയർഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവിസുകളിൽ ടിക്കറ്റുകൾ മുഴുവൻ വിറ്റഴിഞ്ഞതായാണ് കാണിക്കുന്നത്. എയർഇന്ത്യ എക്സ്പ്രസിന് കോഴിക്കോടുനിന്നും ദുബൈയിലേക്കും ഷാർജയിലേക്കും ദിവസവും രണ്ടുവീതം സർവിസ് ഉണ്ട്. മാർച്ച് മൂന്നാം വാരം മുതൽ യു.എ.ഇയിലെ വിദ്യാലയങ്ങളിൽ വാർഷിക പരീക്ഷ കഴിഞ്ഞ് വസന്തകാല അവധി ആരംഭിക്കും. ഏപ്രിൽ ആദ്യവാരങ്ങളിൽ പുതിയ അധ്യയന വർഷം ആരംഭിക്കും. മാർച്ച് മാസം യു.എ.ഇയിൽനിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറവാണെങ്കിലും ഏപ്രിൽ ആദ്യവാരം നാട്ടിൽനിന്നും തിരികെ വരാൻ ഉയർന്ന നിരക്ക് നൽകേണ്ടതിനാൽ പല കുടുംബങ്ങളും സ്കൂൾ അധ്യാപകരും ഈ അവധിക്കുള്ള യാത്ര വേണ്ടെന്നുവെച്ചിരിക്കുകയാണ്.
അതേസമയം, കേരളത്തിനു പുറത്തുള്ള പ്രധാന എയർപോർട്ടുകളായ ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡൽഹി വിമാനത്താവളങ്ങളിൽനിന്നും യു.എ.ഇയിലെ വിവിധ വിമാനാത്താവളങ്ങളിലേക്ക് 11500 രൂപമുതൽ ടിക്കറ്റ് ലഭ്യമാണ്. ടിക്കറ്റ് നിരക്ക് കുറവായതിനാൽ പലരും ഇത്തരം സർവിസുകളെയാണ് ആശ്രയിക്കുന്നത്. ഇങ്ങനെ വരുമ്പോൾ കുട്ടികളെയും പ്രായമായവരെയും കൈക്കുഞ്ഞുങ്ങളുമായി മണിക്കൂറുകൾ അതാത് വിമാനത്താവളങ്ങളിൽ ഇരിക്കേണ്ട അവസ്ഥവരും.
മാർച്ച് അവസാനത്തോടെ കോഴിക്കോടുനിന്നും ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് ബുക്കിങ് എയർ ഇന്ത്യ നിർത്തിയതും കോഴിക്കോടുനിന്നും ഷാർജയിലേക്കും അബൂദബിയിലേക്കുമുള്ള ചില സർവിസുകൾ മറ്റു വിമാന കമ്പനികൾ പല സമയങ്ങളിലായി നിർത്തിയതും തിരക്കുള്ള സമയങ്ങളിൽ പ്രവാസികളുടെ യാത്ര ഏറെ ദുഷ്കരമാക്കും. ഏപ്രിൽ തുടക്കത്തിൽ നേരിട്ടുള്ള പല വിമാന സർവിസുകളുടെയും ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി കാണിക്കുന്നതിനാലും ലഭ്യമായ ടിക്കറ്റുകൾക്ക് ഉയർന്ന നിരക്ക് ഈടാക്കുന്നതിനാലും തിരക്കുള്ള സമയങ്ങളിൽ താൽക്കാലിക സർവിസുകൾ ആരംഭിക്കണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്. പ്രവാസികളുടെ യാത്രക്ലേശം പരിഹരിക്കാൻ ജനപ്രതിനിധികളും സംഘടനകളും മുന്നിട്ടിറങ്ങണമെന്നും അവർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.