ദുബൈ: ലോകത്ത് ഏറ്റവും കൂടുതൽ പേർ കാണാനായി ആഗ്രഹിക്കുന്ന സ്ഥലം ബുർജ് ഖലീഫ. ഗൂഗ്ളിൽ നിന്നും ശേഖരിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആഡംബര യാത്രാ കമ്പനിയായ 'കുയോനി' തയാറാക്കിയ റാങ്കിങ്ങിലാണ് ഒന്നാം സ്ഥാനത്തെത്തിയത്.
ലോകത്തെ 66 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട സ്ഥലം ബുർജ് ഖലീഫയാണ്. ഇത് ആകെ യാത്രാലക്ഷ്യങ്ങൾ തേടി നടന്ന സെർച്ചുകളുടെ 37.5 ശതമാനമാണ്. ഇന്ത്യ, സ്വിറ്റ്സർലൻഡ്, ആഫ്രിക്കൻ രാജ്യങ്ങൾ, ഇന്തോനേഷ്യ, ഫിജി, തുർക്മെനിസ്താൻ എന്നിവിടങ്ങളിലെല്ലാം ബുർജാണ് മുന്നിട്ടുനിൽക്കുന്നത്.
നേരത്തേ ഇന്ത്യയുടെ താജ്മഹലായിരുന്നു സഞ്ചാരികളെ ഏറ്റവും കൂടുതൽ മോഹിപ്പിച്ച നിർമിതി. പുതിയ പഠനത്തിൽ ഇത് നാലാം സ്ഥാനത്താണുള്ളത്.
പട്ടികയിൽ രണ്ടാം സ്ഥാനത്ത് പാരിസിലെ ഈഫൽ ടവറും മൂന്നാമത് പെറുവിലെ മാച്ചുപിച്ചുവുമാണ്. ബ്രിട്ടൻ, അയർലൻഡ്, കാനഡ, ആസ്ട്രേലിയ എന്നിവിടങ്ങളിൽനിന്ന് ഏറ്റവും കൂടുതൽ സെർച് ചെയ്യപ്പെട്ടത് ഈഫൽ ടവറാണ്. സ്പെയിൻ, ചിലി, മെക്സികോ എന്നിവിടങ്ങളിലാണ് മാച്ചുപിച്ചുവിനോട് ഇഷ്ടക്കാർ കൂടുതൽ.
ബ്രിട്ടനിലെ ബിഗ് ബെൻ, ഇറ്റലിയിലെ പോംപി, സ്പെയിനിലെ അൽഹംബ്ര, ഫ്രാൻസിലെ നോത്രെ ഡേം, ബ്രിട്ടനിലെ സ്റ്റോൺഹെങെ, ജോർഡനിലെ പെട്ര, ചൈനയുടെ വൻ മതിൽ എന്നിവയാണ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായി പട്ടികയിൽ ഇടംപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.