അബൂദബി: ഈജിപ്തിൽ ചികിത്സയിലുള്ള ഫലസ്തീനികൾക്ക് ചികിത്സ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള ബുർജീൽ ഹോൾഡിങ്സ് 20 ലക്ഷം ദിർഹത്തിന്റെ (4.5 കോടി രൂപ) മെഡിക്കൽ സഹായം കൈമാറി. റഫ അതിർത്തിയിലെ മെഡിക്കൽ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി മാസങ്ങളായി തുടരുന്ന ഗ്രൂപ്പിന്റെ നടപടികളുടെ ഭാഗമാണ് സഹായം. ഇതോടൊപ്പം അൽ ആരിഷ് ആശുപത്രിയിൽ സുഖം പ്രാപിക്കുന്ന കുട്ടികൾക്ക് ആശ്വാസവും മാനസികോല്ലാസവും പകരാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക പദ്ധതിയും ഗ്രൂപ് സമർപ്പിച്ചു.
അബൂദബിയിൽനിന്ന് പ്രത്യേക വിമാനം വഴി അൽ ആരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മെഡിക്കൽ സാമഗ്രികൾ ഈജിപ്ത് ഏറ്റുവാങ്ങി. ട്രോമ ആൻഡ് എമർജൻസി, ഹൃദയസംബന്ധമായ രോഗങ്ങൾ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, സങ്കീർണമായ ശസ്ത്രക്രിയകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള മെഡിക്കൽ ഉപകരണങ്ങൾ, അനസ്തേഷ്യ മെഷീനുകൾ, എക്സ്റേ മെഷീനുകൾ, ഓപറേറ്റിങ് ടേബിളുകൾ തുടങ്ങിയവ ഇതിലുൾപ്പെടും. ചികിത്സയിൽ കഴിയുന്ന ഗസ്സയിൽ നിന്നുള്ള കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സമഗ്രമായ ആരോഗ്യം ഉറപ്പാക്കാനാണ് ശ്രമമെന്ന് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.