അജ്മാനിൽനിന്ന് സൗദിയിലേക്ക് ബസ് യാത്ര

അജ്​മാൻ: അജ്മാനില്‍നിന്ന്​ സൗദിയിലേക്ക് ബസ് സര്‍വിസ് ഒരുക്കി അജ്മാന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ഇതോടെ ഈ മേഖലയിലെ സാധാരണക്കാരായ യാത്രക്കാരുടെ ചിരകാലാഭിലാഷമാണ് ഇതോടെ പൂവണിയുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇന്ത്യയടക്കം പല രാജ്യങ്ങള്‍ സൗദിയിലേക്ക് വിമാന സര്‍വിസുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ യു.എ.ഇ പോലുള്ള രാജ്യങ്ങളിലൂടെയാണ് ഇവിടേക്ക് യാത്ര ചെയ്തിരുന്നത്. സൗദിയില്‍ ജോലിക്കാരായ നിരവധി പ്രവാസികളാണ് യു.എ.ഇയില്‍ വന്ന് ക്വാറൻറീൻ കാലാവധി പൂര്‍ത്തിയാക്കി യാത്ര തിരിച്ചത്. സാധാരണക്കാരായ ഇത്തരം ആളുകള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന തരത്തിലാണ് അജ്മാന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പുതിയ ബസ് സര്‍വിസ് ആരംഭിച്ചിരിക്കുന്നത്. അജ്മാനില്‍നിന്ന് പുറപ്പെട്ട് സൗദി നഗരങ്ങളായ ദമ്മാം, റിയാദ്, ജിദ്ദ എന്നിവയെ ബന്ധിപ്പിക്കുന്ന ബസ് സര്‍വിസിനാണ് ഇപ്പോള്‍ ആരംഭം കുറിച്ചിരിക്കുന്നത്. ഈ ബസില്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സൗദി വിസയുണ്ടായിരിക്കണമെന്നും വാക്സിന്‍ പൂർത്തിയാക്കിയിരിക്കണമെന്നും യാത്ര പുറപ്പെടുന്നതിനുമുമ്പ്​ നടത്തിയ പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റിവ് ആയിരിക്കണമെന്നും നിഷ്കര്‍ഷിക്കുന്നുണ്ട്. അജ്മാന്‍ തല്ലയില്‍ പുതുതായി ആരംഭിച്ച ബസ് സ്റ്റേഷനില്‍നിന്നാണ് സൗദി പൊതുഗതാഗത കമ്പനിയായ സാപ്റ്റ്കോയുടെ ബസ് പുറപ്പെടുന്നത്. മൂന്ന്​ ബസുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.

കോവിഡ്​ സുരക്ഷാനടപടികളുടെ ഭാഗമായി ഓരോ ബസിലും 24 യാത്രക്കാർ വീതമാണ് അനുവദിക്കുന്നത്. എല്ലാ ദിവസവും ബസ് സര്‍വിസ് ഉണ്ടായിരിക്കും. 300 ദിര്‍ഹമിന് താഴെ മാത്രമാണ് സൗദിയിലേക്ക്​ യാത്രക്ക് ഈടാക്കുന്നത്. സൗദി അതിര്‍ത്തിയിലുള്ള ചെക്ക് പോസ്റ്റിലേക്ക് ആറു മണിക്കൂറിനുള്ളില്‍ എത്തിച്ചേരും. ഇതിനായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസാണ് ഒരുക്കിയിരിക്കുന്നത്. പുതിയ പ്രഖ്യാപനം വന്നതോടെ യാത്രക്കാരില്‍നിന്ന്​ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുതിയ ബസ് സര്‍വിസ് ആരംഭിച്ചതോടെ ചെറിയ വരുമാനക്കാരായ യാത്രക്കാര്‍ക്ക് ഇത് വലിയൊരു അനുഗ്രഹമാകും. സര്‍വിസ് കാര്യക്ഷമമാകുന്നതോടെ പലരും സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച് ബസ് യാത്രക്ക് ഒരുങ്ങുമെന്നാണ് അജ്മാന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പ്രതീക്ഷിക്കുന്നത്. നൂതന സേവനങ്ങളോടെ അജ്മാന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഒരുക്കുന്ന ഈ ബസ് സര്‍വിസ് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയൊരു മുതല്‍ക്കൂട്ടാകും എന്നാണ്​ വിലയിരുത്തപ്പെടുന്നത്.

Tags:    
News Summary - Bus journey from Ajman to Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.