റാസല്‍ഖൈമയിലെ ബസ് സര്‍വിസ്; കച്ചവട കേന്ദ്രങ്ങള്‍ക്ക് പ്രതീക്ഷ

റാസല്‍ഖൈമ: ദിവസങ്ങള്‍ക്കുമുമ്പ് റാസല്‍ഖൈമയിലെ പ്രാന്ത പ്രദേശങ്ങളിലേക്കാരംഭിച്ച ബസ് സര്‍വിസില്‍ വാണിജ്യ കേന്ദ്രങ്ങള്‍ക്ക് പ്രതീക്ഷ. വ്യവസായ മേഖലകളില്‍ നിന്നും ദിഗ്ദാഗ, അല്‍ ജീര്‍, ശാം തുടങ്ങിയയിടങ്ങളില്‍ നിന്നും റാസല്‍ഖൈമയിലെ ടൗണ്‍ഷിപ്പുകളിലും തിരിച്ചുമുള്ള യാത്രക്ക് ടാക്സികളായിരുന്നു ആശ്രയം. ഇതര എമിറേറ്റുകളില്‍ നിന്ന് ബസ് മാര്‍ഗം സ്റ്റാൻഡിലെത്തുന്നവര്‍ക്ക് ഉള്‍ പ്രദേശങ്ങളിലെത്തുന്നതിനും ടാക്സികളായിരുന്നു ശരണം. ബസ് സര്‍വിസ് തുടങ്ങിയതോടെ കുറഞ്ഞ നിരക്കില്‍ ലക്ഷ്യ സ്ഥാനങ്ങളിലെത്താന്‍ കഴിയുമെന്ന ആശ്വാസത്തിലാണ് ജനങ്ങള്‍. സമൂഹത്തിന്‍റെ കാലങ്ങളായുള്ള സ്വപ്നമാണ് പൊതുഗതാഗത രംഗത്ത് പുതിയ ചുവടുവെപ്പിലൂടെ റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (റാക്ട) സാക്ഷാത്കരിക്കുന്നത്.

'റാക് വിഷന്‍ 2030'ല്‍ ഉള്‍പ്പെടുന്നതും സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സുസ്ഥിര ഗതാഗത പരിഹാരം നല്‍കുന്നതുമായ റാക്ടയുടെ വിപുലീകരണ പദ്ധതിയിലുള്‍പ്പെടുന്നതാണ് പുതിയ ബസ് സര്‍വിസെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ രാത്രി ഒമ്പതുവരെയും വാരാന്ത്യങ്ങളില്‍ രാത്രി പത്തു വരെയും നാല് കളര്‍ കോഡുകളിലാണ് ബസ് സര്‍വിസുകളുടെ റൂട്ടുകള്‍ സംവിധാനിച്ചിരിക്കുന്നത്. മനാര്‍ മാള്‍ - അല്‍ ജസീറ ഹംറ, മനാര്‍ മാള്‍ - ശാം, മനാര്‍ മാള്‍ - റാക് എയര്‍പോര്‍ട്ട്, മനാര്‍ മാള്‍ - അമേരിക്കന്‍ യൂനിവേഴ്സിറ്റി തുടങ്ങിയ റൂട്ടുകളെ റെഡ്, ബ്ലൂ, ഗ്രീന്‍, പര്‍പ്പിള്‍ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.

രാവിലെ എട്ടുമുതല്‍ അര മണിക്കൂര്‍ ഇടവിട്ടാണ് മനാര്‍ മാള്‍ - അമേരിക്കന്‍ യൂനിവേഴ്സിറ്റി സര്‍വിസ്, രാവിലെ 7.30 മുതല്‍ രാത്രി 8.30 വരെ അമേരിക്കന്‍ യൂനിവേഴ്സിറ്റി - മനാര്‍ മാള്‍, രാവിലെ ഏഴുമുതല്‍ രാത്രി 10 വരെ അല്‍ ജസീറ അല്‍ ഹംറയില്‍നിന്ന് മനാര്‍ മാളിലേക്കും രാവിലെ ആറു മുതല്‍ രാത്രി ഒമ്പതുവരെ മനാര്‍ മാളില്‍നിന്ന് അല്‍ ജസീറ അല്‍ ഹംറയിലേക്കും ഷാമില്‍ നിന്ന് മനാര്‍ മാളിലേക്ക് രാവിലെ 7.30 മുതല്‍ രാത്രി 10.30 വരെയും മനാര്‍ മാളില്‍ നിന്ന് ഷാമിലേക്ക് രാവിലെ ആറുമുതല്‍ രാത്രി ഒമ്പതുവരെയും ബസുകളുടെ സര്‍വിസ് ഉണ്ടാകും. ഷാം ഭാഗത്തേക്ക് ഒന്നേകാല്‍ മണിക്കൂറും മറ്റു ഭാഗങ്ങളിലേക്ക് അരമണിക്കൂര്‍ ഇടവേളകളിലുമാണ് സര്‍വിസുകളുള്ളത്. അഞ്ചുമുതല്‍ 10 ദിര്‍ഹം വരെയാണ് ടിക്കറ്റ് ചാര്‍ജ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8001700 ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

Tags:    
News Summary - Bus service begins in Ras Al Khaimah; Hope for commercial centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.