ദുബൈ: നിർത്തലാക്കിയ എയർ ഇന്ത്യയുടെ ദുബൈ- കോഴിക്കോട് (എ.ഐ 998) റൂട്ടിൽ ടിക്കറ്റുകൾ മാറ്റിനൽകുന്നു. മാർച്ച് 26നുശേഷം യാത്രചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് മാറ്റിനൽകുന്നത്. കൊച്ചിയിലേക്ക് യാത്രചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് എയർ ഇന്ത്യയുടെ ദുബൈ-കൊച്ചി വിമാന സർവിസിലേക്കാണ് മാറ്റിനൽകുക. കോഴിക്കോട്ടുതന്നെ ഇറങ്ങണമെന്നുള്ളവർക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ രാത്രി 11.40നുള്ള ദുബൈ-കോഴിക്കോട് വിമാനത്തിലേക്ക് മാറ്റിനൽകും. ടിക്കറ്റ് കാൻസൽ ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് മുഴുവൻ തുകയും തിരിച്ചുനൽകും.
പെരുന്നാൾ അവധികളും വേനലവധിയും മുന്നിൽക്കണ്ട് പലരും ഈ വിമാനത്തിൽ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇതിൽ പലരുടെയും ടിക്കറ്റുകൾ ദുബൈ-കൊച്ചി വിമാന സർവിസിലേക്ക് മാറ്റിനൽകിയിട്ടുണ്ട്. കോഴിക്കോട്ടേക്കുതന്നെ യാത്ര ചെയ്യേണ്ടവർക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ രാത്രിയുള്ള ദുബൈ-കോഴിക്കോട് വിമാനത്തിലേക്ക് മാറ്റിനൽകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് ഷാർജയിലെ സെയിൽസ് ടീം അറിയിക്കുന്നത്.
മാർച്ച് 25നാണ് എയർ ഇന്ത്യയുടെ ദുബൈ-കോഴിക്കോട്, ഷാർജ-കോഴിക്കോട് സർവിസുകൾ നിർത്തലാക്കിയത്. ഷാർജ-കോഴിക്കോട് റൂട്ടിൽ ടിക്കറ്റ് ബുക്കിങ് മാസങ്ങൾക്കു മുമ്പേ നിർത്തിവെച്ചിരുന്നു. എന്നാൽ, ദുബൈ-കോഴിക്കോട് റൂട്ടിൽ എയർ ഇന്ത്യ വേനൽക്കാല ഷെഡ്യൂൾ നേരത്തേ പ്രഖ്യാപിക്കുകയും മാർച്ച് ആദ്യം വരെ ബുക്കിങ് തുടരുകയും ചെയ്തു. ഈ സർവിസുകൾക്കു പുറമെ ദുബൈയിൽനിന്നും മുംബൈ, ഡൽഹി, ഗോവ, ഇന്ദോർ എന്നീ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും ഏതാനും സർവിസുകളും വേനൽക്കാല ഷെഡ്യൂളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ വിമാനങ്ങളിൽ യാത്രചെയ്യാൻ ടിക്കറ്റെടുത്തവരുടെ ടിക്കറ്റുകളും മാറ്റി നൽകും.
ഇനിയും ടിക്കറ്റുകൾ മാറ്റിയെടുക്കാത്തവർക്ക് എയർഇന്ത്യയുടെയും എയർഇന്ത്യ എക്സ്പ്രസിന്റെയും സെയിൽസ് ടീമിനെ ഫോൺ മുഖേന ബന്ധപ്പെട്ട് ടിക്കറ്റുകൾ മാറ്റി ബുക്ക് ചെയ്യാവുന്നതാണ്. ഫോൺ: എയർ ഇന്ത്യ: 06 5970444, എയർഇന്ത്യ എക്സ്പ്രസ് 06 5970303.
എയർ ഇന്ത്യ കോഴിക്കോട് സർവിസ് നിർത്തിയതടക്കം ഏതാനും സർവിസുകൾ വേനൽക്കാല ഷെഡ്യൂളിൽനിന്ന് ഒഴിവാക്കിയതിനെതിരെ പ്രവാസി സംഘടനകളിൽനിന്നും ജനപ്രതിനിധികളിൽനിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട് അബ്ദുസ്സമദ് സമദാനി എം.പി കഴിഞ്ഞ ദിവസം എയർ ഇന്ത്യ സി.ഇ.ഒയുമായി സംസാരിച്ചിരുന്നു. ഇക്കാര്യം ചർച്ചചെയ്യാമെന്നായിരുന്നു സി.ഇ.ഒയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.