ഷാർജ: മലയാളികളായ അഞ്ചംഗ കുടുംബം സഞ്ചരിച്ച വാഹനം ഷാർജയിൽ അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. തിരുവനന്തപുരം സ്വദേശികളായ ആര്യനാട് പാങ്ങോട് പരൻതോട് സനോജ് മൻസിലിൽ എസ്.എൻ സനോജ് (37), പരപ്പാറ തോളിക്കോട് ജസ്ന മൻസിലിൽ ജസീം സുലൈമാൻ (31) എന്നിവരാണ് മരിച്ചത്.
ജസീമിന്‍റെ ഭാര്യ ഷിഫ്ന ഷീന അബ്ദുൽ നസീർ, മക്കളായ ഇഷ ഫാത്തിമ, ആദം എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഷാർജയിലെ അൽ ദൈത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഷാർജയിലെ അൽ ദൈതിൽ ചൊവ്വാഴ്ച അർധരാത്രിയാണ് അപകടം. പുതുവത്സര ദിനത്തിൽ യാത്രപോയി തിരികെ വരുന്നതിനിടെ അൽദൈതിൽ വെച്ച് റോഡിൽ യുടേൺ എടുക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് സൂചന. അജ്മാനിലെ ഡ്രീം യൂനിഫോം എന്ന സ്ഥാപനത്തിൽ ജീവനക്കരനാണ് മരിച്ച ജസീം. ഇദ്ദേഹത്തിന്‍റെ പിതാവിന്‍റെ സഹോദരി പുത്രിയുടെ ഭർത്താവാണ് ഷനോജ്. ഇരുവരുടെയും മൃതദേഹങ്ങൾ ഷാർജ അൽ ഖാസിമി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സെയ്ദ് മുഹമ്മദ് ഷാജഹാനാണ് സനോജിന്‍റെ പിതാവ്. മാതാവ്: നൂർജഹാൻ, ഭാര്യ: എൻ.എസ് ശബ്ന സനോജ്. മക്കൾ: മുഹമ്മദ് സയാൻ, സാദിയ ഫർഹത്, സമീഹ ഫാത്തിമ, സിഹാൻ. ജസീം സുലൈമാന്‍റെ പിതാവ് സുലൈമാൻ. മാതാവ്: റസിയ, ഭാര്യ: ഷിഫ്ന ഷീന അബ്ദുൽ നസീർ. മക്കൾ: ഇഷ ഫാത്തിമ, ആദം.
മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനായി സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശേരിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തീകരിച്ചു വരികയാണ്. അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ഭാരവാഹികളായ വിജയൻ നായർ, ഖാൻ പാറയിൽ, പ്രഭാത് നായർ, നവാസ് തേക്കട, സുരേഷ് കൃഷ്ണ, അഭിലാഷ് രത്നാകരൻ എന്നിവരും സഹായങ്ങൾക്കായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.