ദുബൈ: കഴിഞ്ഞ 12 മാസത്തിനിടെ നിങ്ങൾ എത്ര ടാക്സി യാത്ര നടത്തിയിട്ടുണ്ടാവും, എത്ര കിലോമീറ്റർ സഞ്ചരിച്ചിട്ടുണ്ടാവും, എത്ര തുക മുടക്കിയിട്ടുണ്ടാവും ? നമ്മുടെ കൈയിൽ ഇതിനൊന്നും കണക്കുണ്ടാവില്ല. പക്ഷേ, ടാക്സി സേവന ദാതാക്കളായ ‘കരീ’മിന്റെ കൈവശം ഈ കണക്കുകളെല്ലാമുണ്ട്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ടാക്സി യാത്ര നടത്തിയവരുടെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. യാത്രക്കാരുടെ പേരുവിവരങ്ങൾ ലഭ്യമാക്കിയിട്ടില്ലെങ്കിലും യാത്രയുടെ കണക്കുകൾ ‘കരീം’ വ്യക്തമാക്കിയിട്ടുണ്ട്.
ഒറ്റയാത്രയിൽ ഒരാൾ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ചത് 723 കിലോമീറ്ററാണ്. ദുബൈ ഗ്രീൻസിലെ ലിങ്ക്സ് ഈസ്റ്റ് ടവറിൽ നിന്ന് ടാക്സി വിളിച്ച ഇയാൾ പലയിടത്തും ചുറ്റിക്കറങ്ങിയ ശേഷം അബൂദബി അൽ ദന്നത്ത് സിറ്റിയിലെ ഷുവൈഹാത് പവർ കോംപ്ലക്സിലെത്തിയപ്പോൾ ടാക്സി ബിൽ 2000 ദിർഹം കടന്നിരുന്നു. ദുബൈയിലെ മറ്റൊരു താമസക്കാരനാണ് ഏറ്റവും കൂടുതൽ ടാക്സി യാത്രകൾ നടത്തിയത്. കഴിഞ്ഞ വർഷം 1900 തവണയാണ് ഇയാൾ ‘കരീം’ വഴി ടാക്സി വിളിച്ചത്.
ഇതിനായി ചെലവഴിച്ചതാകട്ടെ, 70,000 ദിർഹമും. 6100 യാത്രകൾ നടത്തിയ ഡ്രൈവർമാരും ദുബൈയിലുണ്ട്. കഴിഞ്ഞ വർഷം യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നതോടെ കൂടുതൽ ഡ്രൈവർമാരെ നിയമിച്ചും അധിക ബോണസ് പ്രഖ്യാപിച്ചുമാണ് ‘കരീം’ കാറുകൾ ഇറക്കിയത്. അതേസമയം, ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ യാത്ര നടത്തിയത് ഖത്തറിലെ യാത്രക്കാരനാണ്. ഇയാൾ 2480 യാത്രകളാണ് കഴിഞ്ഞ വർഷം നടത്തിയത്. ഒരു ദിവസം 17 യാത്ര വരെ ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഖത്തറിലെ സ്റ്റേഡിയങ്ങളിലേക്ക് 24,000 ട്രിപ്പുകളാണ് നടന്നത്. ഏറ്റവും പ്രിയപ്പെട്ട സിറ്റി ടു സിറ്റി യാത്ര ദുബൈയിൽനിന്ന് ഷാർജയിലേക്കാണ്.
‘കരീം’ ആപ് വഴി ഭക്ഷണം ഓർഡർ ചെയ്തവരുടെ കണക്കും പുറത്തുവിട്ടിട്ടുണ്ട്. ഒരു ഉപഭോക്താവ് മാത്രം 1100 ഭക്ഷണ ഓർഡറുകളാണ് നൽകിയത്. ഇയാൾ ചെലവഴിച്ചത് 80,000 ദിർഹം. 2021നെ അപേക്ഷിച്ച് ആരോഗ്യദായകമായ ഭക്ഷണം വാങ്ങുന്നവരുടെ എണ്ണം 47 ശതമാനം വർധിച്ചുവെന്നും കമ്പനി വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.