ദുബൈ: സാമ്പത്തിക മേഖലയിലെ ഭാവി മാറ്റങ്ങൾ മുന്നിൽകണ്ട് ‘ഡിജിറ്റൽ ദിർഹം’ എന്ന ഡിജിറ്റൽ കറൻസി നടപ്പാക്കാൻ യു.എ.ഇ സെൻട്രൽ ബാങ്ക്. ഇതിനായി അബൂദബിയിലെ ജി42 ക്ലൗഡുമായും ഡിജിറ്റൽ ഫിനാൻസ് സേവനദാതാക്കളായ ആർ-3യുമായും അടിസ്ഥാന സൗകര്യ, സാങ്കേതിക സേവനം ലഭിക്കുന്നതിന് ബാങ്ക് കരാർ ഒപ്പിട്ടു.
പണരഹിത സമൂഹത്തിലേക്കുള്ള ഒരു ചുവട് എന്നതോടൊപ്പം ആഭ്യന്തരവും അതിർത്തി കടന്നുള്ളതുമായ പണമിടപാടുകൾ എളുപ്പമാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ പണമിടപാട് ചാനലുകൾ രൂപപ്പെടുന്നത് യു.എ.ഇയിലെ സാമ്പത്തിക അവസരങ്ങൾ വർധിപ്പിക്കുന്നതും ലക്ഷ്യമിടുന്നു.
ഫെബ്രുവരിയിൽ സെൻട്രൽ ബാങ്ക് ആരംഭിച്ച ഫിനാൻഷ്യൽ ഇൻഫ്രാസ്ട്രക്ചർ ട്രാൻസ്ഫോർമേഷൻ പദ്ധതിയുടെ ഒമ്പതു സംരംഭങ്ങളിൽ ഒന്നാണ് പദ്ധതിയെന്നും യു.എ.ഇയെ ആഗോള സാമ്പത്തിക കേന്ദ്രമായി ഉറപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്നും സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് ബലാമ പറഞ്ഞു.
ക്രിപ്റ്റോകറൻസികൾക്ക് സമാനമായിരിക്കും ‘ഡിജിറ്റൽ ദിർഹം’. അതിന്റെ മൂല്യം മോണിറ്ററി അതോറിറ്റി നിശ്ചയിച്ചിരിക്കുന്നതുമായിരിക്കും.ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ ക്രിപ്റ്റോകറൻസികളുടെ വർധിച്ചുവരുന്ന ജനപ്രീതിയുടെ സാഹചര്യത്തിൽ ഡിജിറ്റൽ കറൻസികൾ നടപ്പാക്കുന്നത് പരിശോധിച്ചുവരുന്നുണ്ട്. പ്രധാനമായും റീട്ടെയിൽ, സ്ഥാപന നിക്ഷേപകർക്കിടയിലാണ് ഇതിന് സ്വീകാര്യതയുള്ളത്. മാർച്ച് ആദ്യത്തിൽ പുറത്തുവന്ന കണക്കുകൾപ്രകാരം 65 രാജ്യങ്ങളിൽ ഡിജിറ്റൽ കറൻസി നടപ്പാക്കുന്നത് ആലോചനകളുണ്ട്. ഇവയിൽ ഏറ്റവും കൂടുതൽ പുരോഗതി കൈവരിച്ച 18 രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇയും ഉൾപ്പെടും.
ആസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഇന്ത്യ, ജപ്പാൻ, ജോർഡൻ, കസാഖ്സ്താൻ, ലാവോസ്, മോണ്ടിനെഗ്രോ, ഫിലിപ്പീൻസ്, റഷ്യ, സൗദി അറേബ്യ, തുർക്കിയ, യുക്രെയ്ൻ, യു.കെ, യു.എസ് എന്നിവയാണ് പട്ടികയിലെ മറ്റു രാജ്യങ്ങൾ. കഴിഞ്ഞയാഴ്ച യു.എ.ഇ സെൻട്രൽ ബാങ്കും ഇന്ത്യൻ റിസർവ് ബാങ്കും സഹകരണം വർധിപ്പിക്കുന്നതിനും സാമ്പത്തിക ഉൽപന്നങ്ങളിലും സേവനങ്ങളിലും നവീകരണം സാധ്യമാക്കുന്നതിനും പ്രാരംഭ കരാറിൽ ഒപ്പുവെച്ചിരുന്നു. രാജ്യാന്തരതലത്തിൽ ഡിജിറ്റൽ കറൻസികൾ നടപ്പാക്കുന്ന പദ്ധതിയും ഇതിൽ ഉൾപ്പെടുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.