അബൂദബി: യു.എ.ഇയിൽ രാസവസ്തു ഉൽപാദിപ്പിക്കുന്നതിനായി രണ്ടു ബില്യൺ ഡോളറിന്‍റെ കരാറിൽ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും അബൂദബി കെമിക്കൽസ് ഡെറിവേറ്റിവ്സ് കമ്പനി ആർ.എസ്.സിയും (തഅസീസി) ഒപ്പുവെച്ചു. റിലയൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി അഡ്നോക് ആസ്ഥാനം സന്ദർശിച്ചപ്പോഴായിരുന്നു കരാർ ഒപ്പുവെച്ചത്. വ്യവസായ, സാങ്കേതികവിദ്യ മന്ത്രിയും അഡ്നോക് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സുൽത്താൻ അൽ ജാബിറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തഅസിസി ഇ.ഡി.സി ആൻഡ് പി.വി.സി-റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കരാർ ഇത്രവേഗം പ്രാവർത്തികമായതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് മുകേഷ് അംബാനി പ്രതികരിച്ചു.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ദൃഢമായ ബന്ധം വളരുന്നതിന്‍റെ സാക്ഷ്യപത്രമാണ് കരാറെന്നും ഇത് ഇരുരാജ്യങ്ങളെയും ശക്തിപ്പെടുത്തുന്ന ഇത്തരം കൂടുതൽ പദ്ധതികൾക്കുള്ള അളവുകോലായി മാറുമെന്നും അദ്ദേഹം പറഞ്ഞു. പുനരുപയോഗ ഊർജം, ഹരിത ഹൈഡ്രജൻ മേഖലയിൽ സഹകരിച്ചു പ്രവർത്തിക്കുന്നത് സംബന്ധിച്ച് മസ്ദർ സി.ഇ.ഒ മുഹമ്മദ് ജമീൽ അൽ റമാഹിയുമായും മുകേഷ് അംബാനി കൂടിക്കാഴ്ച നടത്തുകയുണ്ടായി. അബൂദബി നാഷനൽ ഓയിൽ കമ്പനി (അഡ്നോക്), അബൂദബി ആസ്ഥാനമായ ഇൻവെസ്റ്റ്മെന്‍റ് ആൻഡ് ഹോൾഡിങ് കമ്പനി എ.ഡി.ക്യു എന്നിവയുമായി സഹകരിച്ചാണ് റിലയൻസ് യു.എ.ഇയിലെ റുവൈസിൽ രാസപദാർഥ നിർമാണം നടത്തുകയെന്ന് ഇരുകമ്പനികളും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവന വ്യക്തമാക്കുന്നു.
ക്ലോർ-ആൽക്കലി, എതിലിൻ ഡിക്ലോറൈഡ് (ഇ.ഡി.സി), പോളിവിനൈൽ ക്ലോറൈഡ് (പി.വി.സി) ഉൽപാദക കേന്ദ്രം നിർമിച്ച് പ്രവർത്തിപ്പിക്കുകയാണ് ഇരുകമ്പനികളും ചെയ്യുക. യു.എ.ഇയിൽ ആദ്യമായാണ് ഈ രാസപദാർഥങ്ങൾ നിർമിക്കുന്നതെന്നും ഇതിന് രണ്ട് ബില്യണിലേറെ ഡോളർ നിക്ഷേപം ആവശ്യമാണെന്നും റിലയൻസ് പ്രസ്താവനയിൽ അറിയിച്ചു. അലിമിനി ശുദ്ധീകരണ പ്രക്രിയയിലെ നിർണായകമായ കാസ്റ്റിക് സോഡ നിർമാണം ക്ലോർ-ആൽക്കലി സാധ്യമാക്കും. പൈപ്പുകൾ, ജനാല ഫിറ്റിങ്സുകൾ, കേബിളുകൾ, ഫിലിമുകൾ, േഫ്ലാറിങ് മുതലായവക്ക് ഉപയോഗിക്കുന്ന പി.വി.സി നിർമാണത്തിന് ഇ.ഡി.സി ആണ് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.