അബൂദബി: കുരുന്നുതലമുറയെ കാലഘട്ടത്തിനനുസരിച്ച് ജീവിത പ്രാപ്തിയിലെത്തിക്കുക എന്ന ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി അബൂദബി. യു.എ.ഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ് യാനാണ് ഇതു സംബന്ധിച്ച പുതിയ നിയമം പുറപ്പെടുവിച്ചത്. ഇതുപ്രകാരം അബൂദബിയില്‍ കുഞ്ഞുങ്ങളുടെ വളർച്ചയെ മനസ്സിലാക്കുന്നതിനുള്ള സ്ഥാപനം ആരംഭിക്കാനാണ് തീരുമാനം.
അബൂദബി ഏർളി ചൈല്‍ഡ്ഹുഡ് അതോറിറ്റിയുടെ കീഴിലാണ് ‘ശിശു വികാസ ദേശീയ അക്കാദമി’ (നാഷനല്‍ അക്കാദമി ഫോര്‍ ചൈല്‍ഡ് ഹുഡ് ഡെവലപ്മെന്റ്) എന്ന പേരില്‍ പുതിയ സ്ഥാപനം ആരംഭിക്കുക. യു.എ.ഇയുടെ മൂല്യങ്ങളും വ്യക്തിത്വവും സംരക്ഷിച്ചുകൊണ്ട് കുട്ടികളുടെ പരിചരണം, ശൈശവ വികാസം, ശിശു പരിചരണം എന്നിവയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസം, പരിശീലനം, ദീര്‍ഘകാല പഠന പദ്ധതികള്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അക്കാദമി സ്ഥാപിക്കുക. ശിശു വികാസ മേഖലകളില്‍ തങ്ങളുടെ കഴിവുകളും വിജ്ഞാനവും സംഭാവന ചെയ്യുന്നതിനായി ആളുകള്‍ക്ക് ഉചിതമായ പരിശീലന സാഹചര്യവും അക്കാദമിക് സൗകര്യവും ഒരുക്കി നല്‍കുകയെന്നതും സ്ഥാപനത്തിന്റെ ഉദ്ദേശ്യമാണ്.
അക്കാദമി സര്‍ട്ടിഫിക്കറ്റുകളും ഡിഗ്രികളും സ്ഥാപനത്തില്‍നിന്ന് നല്‍കും. ഇതിനുപുറമെ കള്‍സള്‍ട്ടേഷന്‍, വിവര കൈമാറ്റം, മറ്റു സേവനങ്ങള്‍ എന്നിവ സ്ഥാപനത്തില്‍നിന്ന് ലഭിക്കും. 2023 സെപ്റ്റംബര്‍ മുതലായിരിക്കും സ്ഥാപനത്തില്‍ അക്കാദമിക് വര്‍ഷത്തിനു തുടക്കമാവുക. ജൂണ്‍ മുതല്‍ പഠിതാക്കള്‍ക്കുള്ള രജിസ്ട്രേഷന് ആരംഭിക്കും. ഗവേഷണം, സമ്മേളനങ്ങള്‍, സെമിനാറുകള്‍, ശിൽപശാലകള് മുതലായവ പാഠ്യഭാഗമായുണ്ടാവും. അക്കാദമിയില്‍ ലഭിക്കുന്ന അംഗീകൃത പരിശീലനം അധിക യോഗ്യതയായി പരിഗണിക്കാനായി വിദ്യാഭ്യാസം, ശിശു സംരക്ഷണം അടക്കമുള്ള മേഖലകളുമായി പങ്കാളിത്തം ഉറപ്പാക്കും. ഒപ്പം ഇത്തരം സ്ഥാപനങ്ങളുമായി കരാറുകളും ധാരണാപത്രങ്ങളും ഒപ്പിടാനും ഭാവിയില്‍ പദ്ധതിയുണ്ട്. അക്കാദമി നല്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഡിഗ്രികളുമൊക്കെ റിക്രൂട്ട്മെന്റ് സംവിധാനങ്ങള്‍ പരിഗണിക്കുന്നതോടെ ജോലി സാധ്യത വര്‍ധിക്കുന്നതിനും കാരണമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.