ഷാർജ: കുഞ്ഞു വായനക്കാർക്ക് അറിവിന്റെ പുതുലോകം പരിചയപ്പെടുത്തുന്ന കുട്ടികളുടെ വായനോത്സവത്തിന് വൻ പ്രതികരണം. കുട്ടികൾക്കൊപ്പം മുതിർന്നവരുടെയും നിറസാന്നിധ്യമാണ് വായനോത്സവത്തെ വാനോളം ഉയർത്തിയത്.ബുധനാഴ്ച ഷാർജ എക്സ്പോ സെന്ററിൽ ആരംഭിച്ച 14ാമത് വായനോത്സവം യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
ഷാർജ ഉപ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, സഹിഷ്ണുത-സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, കലിമാത്ത് ഗ്രൂപ് സ്ഥാപകയും സി.ഇ.ഒയുമായ ശൈഖ ബുദൂർ എന്നിവർ ചേർന്നാണ് ശൈഖ് സുൽത്താനെ സ്വീകരിച്ചത്. 141ഓളം അറബ്, അന്താരാഷ്ട്ര പ്രസാധകരുടെ പുസ്തകങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. ‘പരിശീലിപ്പിക്കുക നിങ്ങളുടെ ബുദ്ധിശക്തിയെ’ എന്നതാണ് ഇത്തവണത്തെ മേളയുടെ പ്രമേയം.
66 രാജ്യങ്ങളിൽനിന്നുള്ള 457 എഴുത്തുകാർ, കലാകാരൻമാർ, പ്രസാധകർ, ചിത്രകാരൻമാർ, വിദഗ്ധർ എന്നിവർ നേതൃത്വം നൽകുന്ന മേളയിലൂടെ കുഞ്ഞു മനസ്സുകളുടെ ക്രിയാത്മകതയെ പരിപോഷിപ്പിച്ച് അവരെ പുസ്തകലോകത്തേക്ക് കൊണ്ടുവരുകയെന്നതാണ് ലക്ഷ്യം. വിദ്യാഭ്യാസ മന്ത്രാലയം, ഹൗസ് ഓഫ് വിസ്ഡം, ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി എന്നിവരുടെ സ്റ്റാളുകളും ഷാർജ ഭരണാധികാരി സന്ദർശിച്ചു.
പുസ്തക പ്രദർശനത്തോടൊപ്പം ഒമ്പതു രാജ്യങ്ങളിൽനിന്നുള്ള പ്രമുഖരായ 13 ഷെഫുമാർ അവതരിപ്പിച്ച കുക്കറി ഷോയും മേളയിൽ അരങ്ങേറി.12 ദിവസം നീണ്ടു നിൽക്കുന്ന മേള ഈമാസം 14ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.