ദുബൈ: ലോകത്താകമാനമുള്ള നിക്ഷേപകരെയും പ്രതിഭകളെയും യു.എ.ഇയിലേക്ക് സ്വാഗതംചെയ്യുന്ന കാമ്പയിൻ ആരംഭിച്ച് രാഷ്ട്രനേതാക്കൾ. 'യുനൈറ്റഡ് ഗ്ലോബൽ എമിറേറ്റ്സ്' തലക്കെട്ടിനു കീഴിൽ നടക്കുന്ന കാമ്പയിൻ ലക്ഷ്യമിടുന്നത് ലോകത്തെ 190 രാജ്യങ്ങളിൽ നിന്നുള്ളവർക്കും വളരാനും വികസിക്കാനും യു.എ.ഇയിലൂടെ സാധിക്കുമെന്ന് പ്രചരിപ്പിക്കലാണ്.
ആഗോളതലത്തിൽ സംരംഭകരെ സഹായിക്കാൻ യു.എ.ഇ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങളും പ്രോത്സാഹനവും ഉയർത്തിക്കാണിക്കുന്ന അന്താരാഷ്ട്രതലത്തിലുള്ള പ്രചാരണമായിരിക്കും ഇതെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കാമ്പയിൻ പ്രഖ്യാപിച്ച് ട്വിറ്ററിൽ കുറിച്ചു.
ഞങ്ങളുടെ വേരുകൾ അറബാണ്, എന്നാൽ ഞങ്ങളുടെ അഭിലാഷങ്ങൾ ആഗോളമാണ്. തങ്ങളുടെ ആശയങ്ങൾ യാഥാർഥ്യമാക്കാൻ ലോകമെമ്പാടുമുള്ള പ്രതിഭകളെ ക്ഷണിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും വിശാലമായ കാമ്പയിൻ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. അടുത്ത 50 വർഷത്തിനിടയിൽ ഏറ്റവും ശക്തമായ ആഗോള സാമ്പദ് വ്യവസ്ഥകളിലൊന്നാവുക എന്നതാണ് പുതിയ പ്രചാരണത്തിെൻറ ലക്ഷ്യമെന്ന് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. പ്രതിഭകൾ, വിദഗ്ധർ, നിക്ഷേപം എന്നിവയുടെ പ്രധാന ലക്ഷ്യസ്ഥാനമെന്ന പദവി ശക്തിപ്പെടുത്തുന്നതിനായി രാഷ്ട്രം നേട്ടങ്ങൾ കെട്ടിപ്പടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാമ്പയിൻ പ്രഖ്യാപിച്ച് പുറത്തിറക്കിയ വിഡിയോയിൽ ഇമാറാത്തിനെ 'അവസരങ്ങളുടെ ഭൂമി' എന്ന് വിശേഷിപ്പിക്കുന്നുണ്ട്. രാജ്യത്തിെൻറ ബഹിരാകാശ നേട്ടങ്ങളും ചൊവ്വാദൗത്യവും ഇതിൽ പരാമർശിക്കുന്നുണ്ട്. ആദായനികുതിരഹിത ആനുകൂല്യങ്ങളും മറ്റു രാജ്യം വാഗ്ദാനം ചെയ്യുന്ന അനുകൂല തൊഴിൽ സാഹചര്യങ്ങളും ഇതിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
രാജ്യം സുവർണ ജൂബിലി ആഘോഷിക്കുന്ന സന്ദർഭത്തിൽ അടുത്ത അമ്പത് വർഷത്തെ മുന്നോട്ടു നയിക്കുന്ന തത്ത്വങ്ങൾ കഴിഞ്ഞ ദിവസം നേതാക്കൾ വെളിപ്പെടുത്തിയിരുന്നു. നിക്ഷേപത്തിനും പ്രതിഭകൾക്കും യോജിച്ച സാഹചര്യം സൃഷ്ടിക്കൽ ഇതിൽ പ്രധാനപ്പെട്ടതാണ്. ആഗോളതലത്തിലെ സാമ്പത്തിക പ്രവർത്തനങ്ങളുടെ കേന്ദ്രമാവുക എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിനാണ് പദ്ധതികൾ ലക്ഷ്യംവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.