ഷാർജ: പ്രായഭേദമന്യേ എല്ലാവർക്കും ആഘോഷിക്കാനുള്ള വേദിയാണ് ഓരോ കമോൺ കേരളയും. തിരക്കുപിടിച്ച പ്രവാസ ജീവിതത്തിനിടയിൽ കുടുംബത്തോടൊപ്പം ഉല്ലസിക്കാനും ആഘോഷിക്കാനും കൈനിറയെ സമ്മാനങ്ങളുമായി തിരികെ പോകാനും ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്.
വൈവിധ്യമാർന്ന പരിപാടികളിലൂടെ പ്രവാസികളുടെ ഹൃദയം കീഴടക്കിയ കമോൺ കേരള ആറാം എഡിഷൻ ജൂൺ ഏഴ്, എട്ട്, ഒമ്പത് തീയതികളിലായി ഷാർജ എക്സ്പോ സെന്ററിൽ വിരുന്നെത്തുകയാണ്. തമാശകൾ പറഞ്ഞും കൊച്ചുകൊച്ചു ചോദ്യങ്ങൾ ചോദിച്ച് സമ്മാനങ്ങൾ വാരിവിതറിയും കുടുംബങ്ങളെ ആസ്വാദനത്തിന്റെയും സന്തോഷത്തിന്റെയും വഴികളിലേക്ക് ആനയിക്കാൻ ഇത്തവണയും ഫാമിലി ഗെയിം ഷോ ആയ ‘മച്ചാൻസ് ഇൻ ഷാർജ’ ഒരുങ്ങുകയാണ്.
ടെലിവിഷൻ പരിപാടികളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയ കല്ലുവും മാത്തുവും തന്നെയാണ് ഇത്തവണയും അവതാരകരായി എത്തുന്നത്. കമോൺ കേരളയുടെ ആദ്യ ദിവസവും അവസാന ദിവസവും വൈകീട്ട് മൂന്നുമുതൽ നാലുവരെയാണ് പരിപാടി. ചിരിയും ചിന്തയും ഉൾപ്പെടുത്തുന്ന ചോദ്യങ്ങളിലൂടെ ഇരുവരും പ്രേക്ഷകരുടെ കൈയടി നേടുമെന്നുറപ്പാണ്.
രാവിലെ 10 മുതൽ ആരംഭിക്കുന്ന പരിപാടികൾ രാത്രിവരെ നീണ്ടുനിൽക്കും. മൂന്നുദിനവും രാവിലെ മുതൽ സജീവമാകുന്ന നാട്ടിൻപുറത്തെ രുചിവിഭവങ്ങൾ മുതൽ അറബ് വിഭവങ്ങൾവരെ ഒരുക്കുന്ന ഫുഡ് കോർട്ടും ഇത്തവണയുമുണ്ട്. ഗെയിം ഷോകൾക്കൊപ്പം ആദ്യദിനത്തിലെ സംഗീത രാവിൽ ഇതിഹാസ സംഗീതജ്ഞൻ എ.ആർ. റഹ്മാന്റെ ഗാനങ്ങൾ വേദിയിൽ അവതരിപ്പിക്കുന്ന ‘റഹ്മാനിയ’ അരങ്ങേറും. രണ്ടാംദിനത്തിൽ പ്രമുഖ നടി പാർവതി തിരുവോത്ത് ‘കമോൺ കേരള’ വേദിയിലെത്തും.
മലയാളി എക്കാലവും താലോലിക്കുന്ന മെലഡികൾ കോർത്തിണക്കിയ ‘വേവ്സ് ഓഫ് മെമ്മറീസ്’ രണ്ടാം ദിനത്തിലെ സംഗീതനിശയെ അവിസ്മരണീയമാക്കും. നിവിൻ പോളി വേദിയിലെത്തുന്ന മൂന്നാം ദിനത്തിൽ എക്കാലത്തെയും മധുരഗാനങ്ങൾ പെയ്തിറങ്ങുന്ന ‘ബീറ്റ്സ് ഓഫ് കേരള’ പെയ്തിറങ്ങും. കുട്ടികൾക്കൊപ്പം മൂന്നു ദിവസവും അടിപൊളിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും മികച്ച അവസരമുണ്ടാവില്ല. cokuae.com/events/Familygameshow1 ലിങ്കിൽ കയറി ടിക്കറ്റുകൾ ഉറപ്പുവരുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.