ദുബൈ: കോവിഡ് സാഹചര്യത്തിൽ 20 മാസമായി പ്രവർത്തനം കുറച്ചിരുന്ന ശേഷം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോൺകോർസ് എ ടെർമിനൽ 3ൽ വീണ്ടും തുറന്നു. മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കുന്നതിന് യു.എ.ഇ അധികൃതർ സ്വീകരിച്ച നടപടികളുടെ ഭാഗമായി 2020 മാർച്ച് 25നാണ് ഈ ഭാഗം അടച്ചിട്ടിരുന്നത്. ബുധനാഴ്ച മാലദ്വീപിൽ നിന്ന് എത്തിയ ഇ.കെ659 വിമാനമാണ് കോൺകോർസ് എയിൽ ആദ്യമായി ഇറങ്ങിയത്.
വർഷത്തിൽ രണ്ട് കോടിയോളം യാത്രക്കാരെ സ്വീകരിക്കാൻ കഴിയുന്ന ഇവിടം തുറന്നത് യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായതിന് പിന്നാലെയാണ്. എക്സ്പോ 2020ദുബൈയും മറ്റും ആഗോള പരിപാടികളും രാജ്യത്തേക്ക് വിനോദ സഞ്ചാരികളുടെ എണ്ണം കുത്തനെ വർധിപ്പിച്ചിട്ടുണ്ട്. എമിറേറ്റ് വിമാനങ്ങൾ വന്നിറങ്ങുന്ന കോൺകോർസ് എ, കമ്പനിയുടെ തിരിച്ചുവരവിനെയും വെളിപ്പെടുത്തുന്നു. നിലവിൽ എമിറേറ്റ്സ് എയർലൈനിെൻറ വിമാന സർവീസുകളുടെ 90ശതമാനവും പുനസ്ഥാപിച്ചിട്ടുണ്ട്.
അടുത്തമാസേത്താടെ കോവിഡിന് മുമ്പുള്ള ശേഷിയുടെ 70ശതമാനത്തിലെത്തിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യാത്രാ ആവശ്യം വർധിക്കുന്നതിനാൽ, ആറ് മാസത്തിനുള്ളിൽ 6,000 തൊഴിലാളികളെ നിയമിക്കുമെന്ന് കഴിഞ്ഞ മാസം കമ്പനി പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തിൽ കോൺകോർസ് ഡി പ്രവർത്തനം പുനരാംരംഭിച്ചപ്പോഴും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്നു. എല്ലാ രാജ്യങ്ങളിലും യാത്ര സംബന്ധിച്ച് ചെറുതും വലുതുമായ നിബന്ധനകൾ നിലവിലുള്ളതിനാലാണ് മഹാമാരിക്ക് മുമ്പുള്ള രൂപത്തിലേക്ക് മാറാൻ പൂർണമായും സാധിക്കാതിരുന്നത്.
നിലവിൽ യൂറോപ്പിലടക്കം വിവിധ രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കപ്പെടുന്ന സാഹചര്യത്തിൽ വീണ്ടും വ്യോമയാന മേഖലക്ക് തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്ക വർധിച്ചിട്ടുണ്ട്. എന്നാൽ പൂർണമായ വാക്സിനേഷനും സുരക്ഷ മുൻകരുതലുകളും പാലിച്ച് വിമാന സർവീസുകൾ മുന്നോട്ടു കൊണ്ടുപോകാനാകുമെന്ന ആത്മവിശ്വാസം കമ്പനികൾക്കുണ്ട്. എക്സ്പോ 2020 ദുബൈ ആരംഭിച്ച ശേഷം ആയിരക്കണക്കിന് യാത്രക്കാർ ദിനംപ്രതി യു.എ.ഇയിലെ മറ്റു എയർപോട്ടുകളിലും വന്നിറങ്ങിയിരുന്നു. ഡിസംബറിൽ വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന രാജ്യമെന്ന നിലയിൽ വരും മാസം പ്രതീക്ഷയോടെയാണ് കമ്പനികൾ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.