ദുബൈ: ലോകത്തിലെ ഏറ്റവും വലിയ സോളാർ വൈദ്യുതിപദ്ധതിയായ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സോളാർ പാർക്കിന്റെ ആറാം ഘട്ടം പൂർത്തീകരിക്കുന്നതിന് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) അബൂദബി ഭാവി ഊർജ കമ്പനിയുമായി (മസ്ദർ) കരാറിലെത്തി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് നിർമാണക്കരാറിൽ ഒപ്പുവെച്ചത്. ആറാം ഘട്ടത്തിൽ 1800 മെഗാവാട്ട് (എം.ഡബ്ല്യൂ) വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പാർക്കാണ് നിർമിക്കുക. 550 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന ആറാം ഘട്ടത്തിലൂടെ അഞ്ചു ലക്ഷം കുടുംബങ്ങൾക്ക് സൗരോർജം എത്തിക്കാനാണ് പദ്ധതി. ഇതുവഴി പ്രതിവർഷം 2.36 ദശലക്ഷം ടൺ കാർബൺ അന്തരീക്ഷത്തിലെത്തുന്നത് തടയാനും സാധിക്കും. ഫോട്ടോവേൾടെക് സോളാർ പാനലായിരിക്കും പാർക്കിൽ ഉപയോഗിക്കുക. ഇക്കഴിഞ്ഞ ജൂണിൽ പാർക്കിന്റെ ആറാം ഘട്ട നിർമാണത്തിനായി ദീവ കരാർ ക്ഷണിച്ചിരുന്നു. ഇതിൽ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തിരുന്നത് മസ്ദർ ആയിരുന്നു. നിലവിൽ നിർമാണം പൂർത്തിയായ സോളാർ പാർക്കുകളിൽനിന്നുള്ള വൈദ്യുതി ഉൽപാദനം 2427 മെഗാവാട്ടാണ്. ആറാം ഘട്ടം പൂർത്തിയാവുന്നതോടെ ഇത് 4660 മെഗാവാട്ടിലെത്തും. 2030ഓടെ പദ്ധതിയുടെ ആറു ഘട്ടവും പൂർത്തീകരിക്കാനാണ് ലക്ഷ്യം. ഇതിനായി 5000 കോടി ദിർഹമാണ് ദുബൈ നിക്ഷേപിച്ചിരിക്കുന്നത്. 2050 ഓടെ ദുബൈയിലെ ഊർജ സ്രോതസ്സുകൾ 100 ശതമാനം ശുദ്ധോർജത്തിലേക്ക് മാറ്റുകയെന്നതാണ് ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. പാർക്കിന്റെ അഞ്ചാം ഘട്ടം ജൂണിൽ ദുബൈ ഭരണാധികാരി ഉദ്ഘാടനം ചെയ്തിരുന്നു.
ഇതു വഴി 270,000 പേർക്കാണ് വൈദ്യുതി ലഭ്യമാവുക. പ്രതിവർഷം 1.18 ടൺ കാർബൺ പുറന്തള്ളൽ കുറക്കാനും സാധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.