ദുബൈ: കോവിഡ് പ്രതിരോധരംഗത്ത് കൈകോർക്കാൻ ഇന്ത്യ- യു.എ.ഇ ധാരണ. ഇന്ത്യയിലെത്തിയ യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറും തമ്മിലാണ് കോവിഡ് പ്രതിരോധരംഗത്ത് ഇരുരാജ്യങ്ങളും കൈകോർത്ത് പ്രവർത്തിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയത്. കോവിഡ് വാക്സിനുകൾ എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്തു.
കോവിഡിനെ നേരിടാൻ ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതോടൊപ്പം എല്ലാ രാജ്യങ്ങൾക്കും കോവിഡ് വാക്സിൻ എത്തിക്കുന്നതിനും ഇന്ത്യയും യു.എ.ഇയും ഒന്നിച്ച് പ്രവർത്തിക്കും. യു.എ.ഇയും ഇന്ത്യയും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന സൗഹൃദവും സഹകരണവും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ചും വിദേശകാര്യമന്ത്രി സംസാരിച്ചു.
ഇന്ത്യക്കാരുടെയും യു.എ.ഇ ജനതയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് യു.എ.ഇ കൂടുതൽ ശ്രദ്ധപുലർത്തുമെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു. ഡോ. ജയശങ്കർ ഒരുക്കിയ വിരുന്നിലും ശൈഖ് അബ്ദുല്ല പങ്കെടുത്തു. ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അഹമ്മദ് അൽ ബന്നയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.