അബൂദബി: വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാനിരിക്കെ സർക്കാർ സ്കൂൾ വിദ്യാർഥികൾക്കും ജീവനക്കാർക്കും സൗജന്യമായി കോവിഡ് പരിശോധന അനുവദിക്കുമെന്ന് അധികൃതർ. രാജ്യത്തെ 226 സർക്കാർ സ്കൂളുകളിലും മൊബൈൽ പരിശോധന കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 12നു മുകളിൽ പ്രായമുള്ള വിദ്യാർഥികൾക്കാണ് കോവിഡ് പരിശോധന നിഷ്കർഷിച്ചിരിക്കുന്നത്. വ്യാഴം മുതൽ ഞായർ വരെയാണ് കോവിഡ് പരിശോധനയെന്ന് എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്മെന്റ് അറിയിച്ചു.
അൽഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലായി 37 പരിശോധനകേന്ദ്രങ്ങളാണ് സ്കൂളുകളിൽ ഒരുക്കിയിരിക്കുന്നത്.
ഇതിനുപുറമേ അബൂദബി സിറ്റിയിൽ 837 മെഡിക്കൽ സെന്ററുകളും സൗജന്യ കോവിഡ് പരിശോധന വാഗ്ദാനം ചെയ്യുന്നുണ്ട്. ദുബൈയിലും വടക്കൻ എമിറേറ്റുകളിലും 189 ആരോഗ്യ കേന്ദ്രങ്ങളാണ് സൗജന്യ പരിശോധന അനുവദിക്കുന്നത്.
അമിതമായ തിരക്കുണ്ടായാൽ കൈകാര്യം ചെയ്യുന്നതിന് ആരോഗ്യ ജീവനക്കാരെ നിയോഗിക്കും. കുട്ടികൾ മടങ്ങിവരുന്നത് പ്രമാണിച്ച് സ്കൂളുകളിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. പ്രളയം ബാധിച്ച് നാശനഷ്ടം സംഭവിച്ച ഷാർജയിലെ ചില സ്കൂളുകളിൽ കേടുപാടുകൾ പരിഹരിക്കുന്നതുവരെ വിദ്യാർഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന് അനുമതി നൽകിയിട്ടുണ്ട്.
വേനലവധി കഴിഞ്ഞുവരുന്ന വിദ്യാർഥികൾക്കും ജീവനക്കാർക്കും 96 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റ് അനിവാര്യമാണ്. അതേസമയം, അബൂദബിയിലെയും ദുബൈയിലെയും സ്വകാര്യ സ്കൂളുകളുടെ അതോറിറ്റികൾ ഇതുവരെയും വരുന്ന അധ്യയന വർഷത്തേക്കുള്ള മാനദണ്ഡങ്ങൾ നിർദേശിച്ചിട്ടില്ല.
രാജ്യത്തിനു പുറത്ത് പോയിവന്ന ദുബൈയിലെ സ്വകാര്യ സ്കൂൾ വിദ്യാർഥികളോടും ജീവനക്കാരോടും മാത്രമാണ് പി.സി.ആർ പരിശോധന നടത്താൻ അധികൃതർ നിർദേശം നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.