അജ്മാന്: യു.എ.ഇയില്‍ മരണപ്പെടുന്ന ഇന്ത്യക്കാരായ പ്രവാസികളുടെ മൃതദേഹം സംസ്കരിക്കുന്നതിന് സന്നദ്ധതയുള്ള വിവിധ സ്ഥാപനങ്ങളില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ച് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്. യു.എ.ഇയില്‍ മരണപ്പെടുന്നവരുടെ മൃതദേഹം പ്രാദേശികമായോ നാട്ടിലെത്തിച്ചോ സംസ്കരിക്കാനുള്ള ചെലവുകള്‍ അതത് വ്യക്തികളുടെ വിസ നിലനില്‍ക്കുന്ന സ്ഥാപനങ്ങളോ സ്പോൺസറോ വഹിക്കണമെന്നാണ് നിയമം.
എന്നാൽ, ഏറ്റെടുക്കാന്‍ ആളില്ലാത്ത വ്യക്തികളുടെ സംസ്കാരനടപടികൾ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്‍കൈയെടുത്ത് നടത്താറാണ് പതിവ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മരിച്ചയാളുടെ ആളുകള്‍ക്ക് മൃതദേഹം സംസ്കരിക്കാനുള്ള ചെലവ് വഹിക്കാന്‍ ശേഷിയില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഹാജരാക്കണം. തുടർന്ന് മൃതദേഹങ്ങളുടെ സംസ്കാര നടപടികൾക്ക് ചെലവാകുന്ന തുക ഇന്ത്യന്‍ കോണ്‍സുലേറ്റ് വഹിക്കുകയാണ് പതിവ്.
ഈ നടപടിക്രമങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ക്വട്ടേഷന്‍ ക്ഷണിച്ചിരിക്കുന്നത്. യു.എ.ഇയിൽ രജിസ്റ്റർ ചെയ്ത് ഈ മേഖലയില്‍ മൂന്ന് വർഷത്തിൽ കൂടുതൽ അനുഭവപരിചയമുള്ള സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങള്‍ കോൺസുലേറ്റിന്റെ വെബ്സൈറ്റായ www. cgidubai.gov.in ലഭ്യമാണ്. ക്വട്ടേഷനുകൾ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, പ്ലോട്ട് നമ്പര്‍ 314, അൽ ഹംരിയ, ഡിപ്ലോമാറ്റിക് എൻക്ലേവ്, പോസ്റ്റ് ബോക്സ് നമ്പർ.737, ദുബൈ, യു.എ.ഇ. എന്ന വിലാസത്തിൽ സമർപ്പിക്കാം.
ഈ വിഷയവുമായി വൈസ് കോൺസലുമായി ബന്ധപ്പെടുന്നതിന് + 971-4-3971222/333 (എക്സ്റ്റ്: 249) എന്ന നമ്പറിലും cons3.dubai@mea.gov.in എന്ന ഇ-മെയില്‍ വഴിയും ബന്ധപ്പെടാവുന്നതാണ്. അപേക്ഷകള്‍ മാർച്ച് 11നോ അതിനുമുമ്പോ സീൽ ചെയ്ത കവറിൽ ലഭിക്കണമെന്നാണ് അറിയിപ്പില്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.