കുവൈത്ത് സിറ്റി: മുൻ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ വിയോഗത്തോടെ രാജ്യത്ത് ഏർപ്പെടുത്തിയ 40 ദിവസത്തെ ദുഃഖാചരണം ശനിയാഴ്ച അവസാനിക്കും. മൂന്ന് ദിവസത്തെ അവധിയും 40 ദിവസത്തെ ദുഃഖാചരണവുമായിരുന്നു പ്രഖ്യാപിച്ചത്. പൊതു ആഘോഷങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീങ്ങുമെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ഒത്തുചേരലിനുള്ള വിലക്ക് തുടരും. കുവൈത്തിലെ വിവിധ മന്ത്രാലയങ്ങളിൽ സ്ഥാപിച്ചിരുന്ന ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ ബോർഡുകൾ ശനിയാഴ്ച വൈകീട്ട് നീക്കും.
പുതിയ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറയും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറയും ചിത്രങ്ങളാണ് ഇനി മന്ത്രാലയങ്ങൾക്ക് അലങ്കാരമാവുക. സർക്കാർ ഒാഫിസുകളിലെ ചിത്രങ്ങൾ നീക്കുമെങ്കിലും ജനമനസ്സുകളിൽ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് എന്നും ജ്വലിക്കുന്ന ചിത്രമാവും.
വലിയ വെല്ലുവിളികളുടെ കാലത്ത് കുവൈത്തിനെ പുരോഗതിയുടെയും സമാധാനത്തിെൻറയും പാതയിൽ നയിച്ചത് ചരിത്രത്തിൽ രേഖപ്പെട്ടുകഴിഞ്ഞു. അന്താരാഷ്ട്ര തലത്തിൽ പൊതുസ്വീകാര്യനായ നയതന്ത്ര പ്രതിനിധിയുടെ സ്ഥാനമായിരുന്നു മുൻ അമീറിനുണ്ടായിരുന്നത്. അദ്ദേഹത്തിെൻറ വിയോഗം സൃഷ്ടിച്ച വിടവ് എളുപ്പം നികത്താനാവില്ല. ഭാരിച്ച ഉത്തരവാദിത്തമാണ് പുതിയ നേതൃത്വത്തിന് മുന്നിലുള്ളത്.
മൊത്തം ലോകം വലിയ വെല്ലുവിളിയുടെ കാലത്തിലൂടെ കടന്നുപോവുേമ്പാൾ കുവൈത്തിന് മാത്രം ഇതിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ല. അതേസമയം, ദീർഘനാളത്തെ ഭരണ പരിചയവും കിരീടാവകാശിയെന്ന നിലയിൽ മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ തോളോടുതോൾ ചേർന്ന് നിലകൊണ്ടതിെൻറയും അനുഭവസമ്പത്ത് പുതിയ അമീറിന് സഹായകമാവും. ഇത് കൈമുതലാക്കി പുതിയ ഉയരങ്ങളിലേക്ക് രാജ്യത്തെ നയിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നുതന്നെയാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.