ദുബൈ: ചൂടു കൂടുന്ന സാഹചര്യത്തിൽ സൂര്യാഘാതം, ക്ഷീണം എന്നിവയുടെ അപകട സാധ്യതകളെ കുറിച്ച് തൊഴിലാളികൾക്കിടയിൽ ബോധവത്കരണ ക്യാമ്പിന് തുടക്കമിട്ട് അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ആൻഡ് ഡെന്റൽ ഗ്രാജുവേറ്റ്സ് (എം.കെ.എം.ജി). ദുബൈ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് നടത്തുന്ന ബോധവത്കരണ കാമ്പയിൻ രണ്ടു മാസം നീളുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കടുത്ത ചൂട് ഉയർത്തുന്ന ആരോഗ്യ വെല്ലുവിളികളെ നേരിടാനുള്ള പോംവഴികളും നിർദേശങ്ങളും വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പങ്കുവെക്കും. പുറംജോലി ചെയ്യുന്നവർക്ക് നിർജലീകരണം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉയർത്തുന്നുണ്ടെന്ന് ഡോക്ടമാർ ചൂണ്ടിക്കാട്ടി. നിർജലീകരണം, സൂര്യാഘാതം എന്നിവയുടെ ലക്ഷണങ്ങൾ തുടക്കത്തിൽ തിരിച്ചറിഞ്ഞാൽ ഗുരുതത ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനാവും.
ഇതിന് സഹായകരമാവുന്ന ലഘുലേഖകളുടെ വിതരണം, ആവശ്യമുള്ളവർക്ക് ഒ.ആർ.എസ് നൽകുക തുടങ്ങിയവയോടൊപ്പം വിദഗ്ധ ഉപദേശവും ഡോക്ടർമാർ നൽകും. ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ എമിറേറ്റുകളിലും ബോധവത്കരണ കാമ്പയിൻ നടത്താൻ ഉദ്ദേശിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് വീട് നിർമിച്ചു നൽകാൻ ഒരു കോടിയുടെ പദ്ധതി ആവിഷ്കരിച്ചതായും ഭാരവാഹികൾ അറിയിച്ചു. പത്ത് വീടുകളാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനാവശ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
സ്ഥലം കൈമാറാൻ താൽപര്യമുള്ളവരുമായി സഹകരിച്ച് വീട് നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. എം.കെ.എം.ജി എമിറേറ്റ്സ് പ്രസിഡന്റ് ഡോ. നിർമല രഘുനാഥ്, നിയുക്ത പ്രസിഡന്റ് ഡോ. സുഗു കോശി, ട്രഷറർ ഡോ. ജമാലുദ്ദീൻ അബൂബക്കർ, മുൻ പ്രസിഡന്റ് ഡോ. സിറാജുദ്ദീൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.