ദുബൈ: ഡെങ്കിപ്പനിയുടെ പശ്ചാത്തലത്തിൽ മലയാളത്തിൽ ബോധവത്കരണ വിഡിയോ പങ്കുവെച്ച് യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. ചൈനീസ്, ഇംഗ്ലീഷ്, അറബിക്, ഉർദു ഭാഷകൾക്ക് പുറമെയാണ് മലയാളത്തിലും വിഡിയോകൾ പങ്കുവെച്ചത്.
‘വ്യവസായ മേഖലകളിലും നിർമാണ സൈറ്റുകളിലും ഡെങ്കി പരത്തുന്ന കൊതുകുകളുടെ വ്യാപനം തടയാൻ പ്രതിരോധ നടപടി സ്വീകരിക്കുക’ എന്ന തലക്കെട്ടിലാണ് ആദ്യ വിഡിയോ ചൊവ്വാഴ്ച അധികൃതർ പോസ്റ്റ് ചെയ്തത്. പിന്നാലെ, രണ്ട് വിഡിയോകൾ കൂടി പ്രസിദ്ധീകരിച്ചു. ‘എക്സ്’ അക്കൗണ്ടിലാണ് ബോധവത്കരണ വിഡിയോ മന്ത്രാലയം പങ്കുവെച്ചത്.
കൊതുക് പരത്തുന്ന ഡെങ്കിപ്പനി രാജ്യത്ത് വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രാലയം വിവിധ ജനവിഭാഗങ്ങളെ ലക്ഷ്യംവെച്ച് നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
കൊതുകുകൾ പടരുന്നത് ഒഴിവാക്കാൻ അംഗീകൃത കീടനാശിനികൾ ഉപയോഗിക്കുക, മലിനജലം ശരിയായ രീതിയിൽ നിർമാർജനം ചെയ്യുക, വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക, കൊതുക് കടിയേൽക്കുന്നത് ഒഴിവാക്കാൻ ഫുൾസ്ലീവ് ഷർട്ടും പാന്റ്സും ഉപയോഗിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ജനാലകളിലും വാതിലുകളിലും വലകൾ സ്ഥാപിക്കുക എന്നീ നിർദേശങ്ങൾ വിഡിയോ വഴി മന്ത്രാലയം നൽകുന്നുണ്ട്. നേരത്തെയും വിവിധ സർക്കാർ വകുപ്പുകൾ ബോധവത്കരണ വിഡിയോകൾ മലയാളത്തിൽ പുറപ്പെടുവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.