ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പ്രവാസി തൊഴിലാളികൾക്ക് ഡിജിറ്റൽ സാക്ഷരത പരിശീലനത്തെ കുറിച്ച് അധികൃതർ വിശദീകരിക്കുന്നു
ദുബൈ: യു.എ.ഇയിലെ പ്രവാസി തൊഴിലാളികൾക്ക് ഡിജിറ്റൽ സാക്ഷരതാ പദ്ധതി നടപ്പാക്കുന്നു. ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് കെ.എം.സി.സി, എഡാപ്റ്റ് എന്നിവയുമായി ചേർന്നാണ് തൊഴിലാളികൾക്ക് വിവിധ ഡിജിറ്റൽ, എ.ഐ. സാങ്കേതികമേഖലകളിൽ പരിശീലനം നൽകുക.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനാണ് പ്രവാസി തൊഴിലാളികൾക്ക് സൗജന്യ ഡിജിറ്റൽ സാക്ഷരതാ പദ്ധതി പ്രഖ്യാപിച്ചത്. നാഷനൽ കെ.എം.സി.സി, വിദ്യാഭ്യാസ സ്ഥാപനമായ എഡാപ്റ്റ് എന്നിവയുമായി ചേർന്ന് ഈവർഷം അയ്യായിരം തൊഴിലാളികൾക്കാണ് ഡിജിറ്റൽ, എ.ഐ. മേഖലയെ കുറിച്ച് അവബോധം നൽകുന്ന കോഴ്സുകൾ നടത്തുക.
പ്രവാസി തൊഴിലാളികൾ വ്യാപകമായി ഓൺലൈൻ തട്ടിപ്പിന് വിധേയമാകുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു പദ്ധതിയെന്ന് കെ.എം.സി.സി. യു.എ.ഇ ദേശീയ ജന. സെക്രട്ടറി പി.കെ. അൻവർ നഹ പറഞ്ഞു. തൊഴിലാളികൾക്ക് വ്യക്തിപരമായി അപേക്ഷ നൽകി പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ കഴിയും.
മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ കോഴ്സുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ആഴ്ചയിൽ ഒരു ക്ലാസ് എന്ന നിലയിൽ എട്ട് ആഴ്ചകൊണ്ട് പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടാൻ കഴിയുന്നവിധമായിരിക്കും ഡിജിറ്റൽ സാക്ഷരതാ കോഴ്സുകൾ സംഘടിപ്പിക്കുകയെന്ന് എഡാപ്റ്റ് പ്രതിനിധി ഒമർ അബ്ദുസലാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.