ദുബൈ: ദുബൈ എമിഗ്രേഷൻ (ജി.ഡി.ആർ.എഫ്.എ) മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയുടെ ക്ഷണം സ്വീകരിച്ച് ഇരുകണ്ണും കാഴ്ചയിലാത്ത-ഇന്ത്യൻ ഗണിതശാസ്ത്ര പ്രതിഭ ബസവരാജ് ശങ്കർ വീണ്ടും ലോക ടെക് മേളയിലെത്തി. ഏത് കടുകടുത്ത ഗണിതശാസ്ത്ര ചോദ്യങ്ങൾക്കും നിമിഷനേരംകൊണ്ട് മറുപടിനൽകാൻ കഴിവുള്ള അസാധാരണ പ്രതിഭയാണ് കർണാടകയിൽനിന്ന് വരുന്ന ബസവരാജ് ശങ്കർ ഉംറാണി. ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ മുഹമ്മദ് അൽ മർറിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് രണ്ടാം തവണയാണ് ഈ പ്രതിഭ ജൈടെക്സ് വേദിയിലെത്തുന്നത്. 2018ലും മേളയിലെ ഏറ്റവും ശ്രദ്ധേയ സാന്നിധ്യങ്ങളിൽ ഒരാളായിരുന്നു ഈ ഇന്ത്യൻ പ്രതിഭ.
എത്ര വലിയ സംഖ്യയും കൂട്ടാനും കുറക്കാനും ഗുണിക്കാനും തിരിച്ചുപറയാനും സെക്കൻഡുകൾ മാത്രമേ വേണ്ടൂ ബസവരാജിന്. ജൈടെക്സ് പ്രദർശനം കാണാൻ എത്തിയവരുടെ വ്യത്യസ്ത ഗണിതശാസ്ത്ര ചേദ്യങ്ങൾക്ക് തെല്ലും പതറാതെയാണ് ഉത്തരങ്ങൾ നൽകിയത്.
എമിഗ്രേഷൻ പവിലിയനിൽ എത്തിയ അതിഥികളുടെ ഗണിതശാസ്ത്ര ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയ ഈ ഇന്ത്യക്കാരനെ ദുബൈ എമിഗ്രേഷൻ മേധാവി ചേർത്തുപിടിച്ചാണ് അഭിനന്ദിച്ചത്.
കര്‍ണാടകയിലെ അത്താണി താലൂക്കിലെ കര്‍ഷക കുടുംബത്തിലാണ് ബസവരാജിന്റെ ജനനം. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഗണിതശാസ്ത്രത്തിലെ കഴിവുകൾ ലോകം തിരിച്ചറിഞ്ഞുതുടങ്ങിയത്. കഴിഞ്ഞതും വരാനിരിക്കുന്നതുമായ തീയതികളുടെ ദിവസങ്ങള്‍ പറഞ്ഞുകൊണ്ടാണ് ചെറുപ്പകാലത്ത് ബസവരാജ് ആളുകളെ അതിശയിപ്പിച്ചത്. പിന്നീട് ഓർമകളുടെ ലോകത്ത് എത്ര വലിയ സംഖ്യകള്‍ കൂട്ടിയും കുറച്ചും ഹരിച്ചും ഉത്തരങ്ങള്‍ കണ്ടെത്താന്‍ നിരന്തരമായി പരിശ്രമിച്ചു.
ഇന്ന് വാക്കിങ് കമ്പ്യൂട്ടര്‍ എന്ന അപരനാമത്തിലാണ് ഈ ഇന്ത്യക്കാരൻ അറിയപ്പെടുന്നത്. ഗണിതശാസ്ത്രത്തിലെ അത്ഭുതമായ ശകുന്തളാ ദേവിയെക്കുറിച്ച് എട്ടാം വയസ്സിൽ കേട്ടതുമുതലാണ് തനിക്കും അതുപോലെ കണക്കിനെ കൈയടക്കണമെന്ന് തീരുമാനിച്ചതെന്ന് ബസവരാജ് പറയുന്നു.
നേരിൽ കണ്ട് അഭിനന്ദിച്ച പ്രമുഖരില്‍ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖരുടെ നീണ്ട നിരതന്നെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.