ഈ കുടുംബങ്ങൾക്ക്​ നീതി നിഷേധിക്കരുത്

അന്നംതേടി വിദേശരാജ്യങ്ങളിലേക്ക്​ ചേക്കേറിയതി​െൻറ പേരിൽ പലതവണ നീതി നിഷേധിക്കപ്പെട്ടവരാണ് പ്രവാസികൾ. ​ഇപ്പോൾ വീണ്ടുമൊരു നീതിനിഷേധത്തി​െൻറ പടിവാതിക്കലാണവർ. കോവിഡ്​ മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക്​ നഷ്​ടപരിഹാരം നൽകണമെന്ന്​ സുപ്രീംകോടതി നിർദേശം വന്നെങ്കിലും വിദേശ രാജ്യങ്ങളിൽ മരണപ്പെടുന്നവരെ നാട്ടിലെ കണക്കിൽ ഉൾപ്പെടുത്തുമോ എന്ന ആശങ്ക ബാക്കിയുണ്ട്​.

ഒന്നര മാസത്തിനുള്ളിൽ കൃത്യമായ മാർഗനിർദേശങ്ങൾ തയാറാക്കണമെന്നാണ്​ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. മാർഗരേഖയിൽ പ്രവാസികളെ പ്രത്യേകം പരാമർശിച്ചില്ലെങ്കിൽ ഈ മരണങ്ങളും പട്ടികയുടെ പുറത്താകും. ​ഇതോടെ നൂറുകണക്കിന്​ പ്രവാസി കുടുംബങ്ങൾക്ക്​ നീതി നിഷേധിക്കപ്പെടും. ഈ സാഹചര്യത്തിൽ പ്രവാസി സംഘടനകളും സാമൂഹിക പ്രവർത്തകരും പ്രതികരിക്കുന്നു.

'പത്ത്​ ലക്ഷം നഷ്​ടപരിഹാരം നൽകണം'

വിദേശരാജ്യങ്ങളിൽ മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക്​ പത്ത്​ ലക്ഷം രൂപ വീതം നഷ്​ടപരിഹാരം നൽകണം. ഈ വിഷയത്തിൽ ആറ്​ മാസം മുമ്പ്​പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും വിദേശകാര്യ സഹമന്ത്രിക്കും കത്തയച്ചിരുന്നു. ഇന്ത്യയുടെ സമ്പദ്​ഘടനയിൽ മുഖ്യപങ്ക്​ വഹിച്ചവരെ ദുരിതകാലത്ത്​ കൈവിടരുത്​. മരണപ്പെട്ടവരുടെ കുടുംബങ്ങൾ തീരാദുരിതത്തിലാണ്​.

ബാങ്ക്​ വായ്​പ എടുത്തവരുടെ കുടുംബങ്ങൾ ജപ്​തി ഭീഷണിയിലാണ്​. പല കുടുംബങ്ങളും പട്ടിണിയിലാണ്​. ഇവരെ ചേർത്തുപിടിക്കേണ്ടത്​ നമ്മുടെ സർക്കാറാണ്​. ആവശ്യമായ നടപടികൾ സർക്കാർ കൈ​ക്കൊണ്ടില്ലെങ്കിൽ മറ്റ്​ സംഘടനകളുമായി ആലോചിച്ച്​ നിയമ നടപടികളുമായി മുന്നോട്ടുപോകും.

പുത്തൂർ റഹ്മാൻ
(യു.എ.ഇ കെ.എം.സി‌.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ്)

'കേന്ദ്രസർക്കാറിനുള്ള താക്കീത്​'

കേന്ദ്രസർക്കാറിനുള്ള താക്കീതാണ്​ സുപ്രീംകോടതി വിധി. പ്രതീക്ഷയോടെയാണ്​ നോക്കിക്കാണുന്നത്​. മരണപ്പെട്ടവരുടെ പട്ടിക തയാറാക്കു​േമ്പാൾ വിദേശ രാജ്യങ്ങളിൽ മരിച്ച ആയിരക്കണക്കിന്​ പ്രവാസികളെയും ഉൾപ്പെടുത്തിയാലേ സാമൂഹിക നീതി പുലരൂ. കുടുംബനാഥനെ നഷ്​ടപ്പെട്ടതു​മൂലം പല പ്രവാസി കുടുംബങ്ങളും നിത്യ ഉപ​ജീവനത്തിന്​ ബുദ്ധിമുട്ടുന്നു.

ഉപജീവനമാർഗം തേടിപ്പോകാൻ കഴിയാത്ത ഭാര്യമാരും കുഞ്ഞുങ്ങളും പട്ടിണിയിലാണ്​. സർക്കാർ ധനസഹായം അവർക്ക്​ വലിയൊരു ആശ്വാസമായിരിക്കും. നിയമതടസ്സങ്ങൾ പറയാതെ, മാനുഷിക മൂല്യങ്ങളെ മുൻനിർത്തി, സാമൂഹിക നീതി ഉയർത്തിപ്പിടിച്ച്​ പ്രവാസി സമൂഹത്തെയും ആശ്വാസധനം ലഭിക്കുന്നവരിൽ ഉൾപ്പെടുത്തണം.

പി.കെ.അൻവർ നഹ
(യു.എ.ഇ കെ.എം.സി‌.സി ജനറൽ സെക്രട്ടറി)

'സംസ്ഥാന സർക്കാറിൽ പ്രതീക്ഷ'

കോവിഡ് ബാധിച്ച പ്രവാസികൾക്ക് 10 ,000 രൂപ വീതവും അവധിക്ക് നാട്ടിലെത്തിയ ശേഷം ലോക്​ഡൗൺ കാരണം തിരിച്ചുപോകാൻ കഴിയാത്തവർക്ക്​ 5000 രൂപ വീതവും നൽകിയ ഇടതുപക്ഷ സർക്കാറിൽ തന്നെയാണ് കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ ആശ്രിതരും പ്രതീക്ഷ അർപ്പിക്കുന്നത്.

പ്രവാസി ക്ഷേമവകുപ്പ് തന്നെ എടുത്തുകളഞ്ഞ, പ്രവാസി സമൂഹത്തിനുവേണ്ടി ക്രിയാത്മകമായി ഒന്നും ചെയ്യാത്ത കേന്ദ്ര സർക്കാറിൽ പ്രതീക്ഷ അർപ്പിക്കുന്നതിൽ ഒരു അർഥവുമില്ല. കോവിഡ് കാലത്ത് ജോലി നഷ്​ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികളെ ചേര്‍ത്തുനിര്‍ത്തുന്ന പ്രഖ്യാപനങ്ങളായിരുന്നു രണ്ടാം പിണറായി സർക്കാറി​െൻറ കന്നിബജറ്റിലും കണ്ടത്. അതുകൊണ്ട് തന്നെ കോവിഡ് ബാധിച്ച് പ്രവാസമണ്ണിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്​ടപരിഹാരങ്ങൾക്ക് പ്രവാസി കുടുംബങ്ങളെ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. കോവിഡ് ബാധിച്ച് കുടുംബനാഥൻ മരണപ്പെടുമ്പോൾ അവരെ ആശ്രയിച്ച് നാട്ടിൽ കഴിയുന്ന കുടുംബങ്ങൾ നിരാശരായി മാറുകയാണ്. കുടുംബനാഥൻ നഷ്​ടപ്പെട്ടതുകാരണം പട്ടിണിയിലേക്ക് കൂപ്പു കുത്തുന്ന പ്രവാസി കുടുംബങ്ങളെ സർക്കാർ ചേർത്തുനിർത്തുമെന്നാണ്​ പ്രതീക്ഷ.

സഫറുള്ള പാലപ്പെട്ടി
(ജനറൽ സെക്രട്ടറി, ശക്തി തിയറ്റേഴ്‌സ്, അബൂദബി)

'അനാഥ കുടുംബങ്ങ​െള കൈവെടിയരുത്​'

ആയിരക്കണക്കിന് പ്രവാസി​ കുടുംബങ്ങളാണ്​ കോവിഡിൽ അനാഥരായത്​. കുടുംബനാഥനെ നഷ്​ടപ്പെട്ട, ജീവിതം എങ്ങനെ മുന്നോട്ടു പോകും എന്നറിയാതെ, ഭക്ഷണത്തിന് പോലും വകയില്ലാതെ കഴിയുന്ന അവരുടെ കുടുംബത്തിന് കൈത്താങ്ങാവാൻ സുപ്രീംകോടതി വിധി തുണയാകും എന്നാണ്​ പ്രതീക്ഷ.

എല്ലാവർക്കും നഷ്​ടപരിഹാരം ലഭ്യമാക്കണം. എന്നും പ്രവാസികളോട് മുഖം തിരിഞ്ഞു നിന്ന ഭരണസംവിധാനങ്ങൾ, ഈ ദുരന്തഘട്ടത്തിലും അവരെ ഒറ്റപ്പെടുത്തുമോ എന്ന ആശങ്ക ഞങ്ങൾക്കുണ്ട്​. കോടതി തീരുമാനം നടപ്പാക്കു​േമ്പാൾ പ്രവാസികളെ വിട്ടുപോകരുത്​. എംബസികളുമായി ബന്ധപ്പെട്ട്​ മരണക്കണക്ക്​ ശേഖരിച്ചു സർക്കാറുകൾ നീതി പുലർത്താൻ ശ്രമിക്കണം. പ്രവാസികളെ എന്നും അവഗണിക്കുന്ന സമീപനമാണ് വിവിധ മേഖലകളിൽ കണ്ടുകണ്ടിരിക്കുന്നത്. ഇക്കാര്യത്തിലെങ്കിലും പ്രവാസികൾക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എൻ.പി. രാമചന്ദ്രൻ
(വൈസ് പ്രസി., ഇൻകാസ് യു.എ.ഇ സെൻട്രൽ കമ്മിറ്റി)

'ഈ കുടുംബങ്ങളെ ഏറ്റെടുക്കണം'

കോവിഡിനിരയായി നിരവധി പ്രവാസികൾക്ക്​ ജീവൻ നഷ്​ടമായിട്ടുണ്ട്​. ​അവരിൽ ഏറെയും ചെറിയ ശമ്പളത്തിന്​ ജോലി ചെയ്​തിരുന്നവരാണ്​. കഫ്​റ്റീരിയയിലും നിർമാണ മേഖലയിലും തൊഴിലെടുത്ത്​ കിട്ടിയിരുന്ന തുകയാണ്​ ഈ കുടുംബങ്ങളെ അല്ലലില്ലാതെ മുന്നോട്ടുനയിച്ചിരുന്നത്​. 15- 25 വർഷങ്ങളായി ഇത്​ മാത്രമായിരുന്നു ഇവരിൽ പലരുടെയും കുടുംബങ്ങളുടെ ഏക ​ആശ്രയം.

പെട്ടന്നൊരു ദിവസം ഇൗ വരുമാനം നിലച്ചതോടെ കുടുംബങ്ങൾ പട്ടിണിയിലായി. ആദ്യ മാസങ്ങളിൽ ചില സഹായങ്ങൾ ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ അവസ്​ഥ വളരെ മോശമാണ്​. വീടി​െൻറ വായ്​പകളും മക്കളെ വിവാഹം ചെയ്​തയച്ചതി​െൻറ ബാധ്യതകളു​മെല്ലാം ബാക്കിയാണ്​. ഈ കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കുകയും അർഹമായ നഷ്​ടപരിഹാരവും സഹായവും നൽകുകയും ചെയ്യണം.

നസീർ വാടാനപ്പള്ളി
(സാമൂഹിക പ്രവർത്തകൻ)

'നിർധന കുടുംബങ്ങളെ മുഖ്യധാരയിലേക്ക്​ കൊണ്ടുവരണം'

പ്രവാസ ലോകത്ത്​ മരിച്ചവരുടെ നിർധന കുടുംബങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സുപ്രീംകോടതി സഹായിക്കുമെന്നാണ്​ പ്രതീക്ഷ. വിധി ഏറെ ആശ്വാസകരമാണ്​. ആയിരക്കണക്കിന് കോടിയുടെ വിദേശനാണ്യം കേരളത്തിന് നൽകുന്ന പ്രവാസികളെ

പല പ്രതിസന്ധി ഘട്ടങ്ങളിലും വിസ്മരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ദുരിതപൂർണമായ കാലഘട്ടത്തിൽ സാമ്പത്തികമായി തകർന്ന, കോവിഡ് മൂലം ജീവൻ നഷ്​ടപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുകയെന്നത് സർക്കാറിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആശ്വാസമാണ്.

ടി.എ. രവീന്ദ്രൻ
(ഇൻകാസ്​ ആക്ടിങ്​ പ്രസിഡൻറ്​),
പുന്നക്കൽ മുഹമ്മദലി
(ജനറൽ സെക്രട്ടറി)

'സഹായം ആദ്യം കൊടുക്കേണ്ടത്​ പ്രവാസി കുടുംബങ്ങൾക്ക്​'

പ്രവാസികളുടെ കുടുംബങ്ങൾക്കാണ്​ സഹായം ആദ്യം നൽകേണ്ടത്​. നാടിനും വീടിനും വേണ്ടി അ​ത്രയേറെ കഷ്​ടത അനുഭവിക്കുന്നവരാണവർ. അവരുടെ കുടുംബങ്ങളോട്​ മനുഷ്യത്വം കാണിക്കണം. കോവിഡ്​ ബാധിച്ചു​ മരിച്ച 300ഓളം മൃതദേഹങ്ങൾ സംസ്​കരിക്കുന്നതിന്​ ഞാൻ സാക്ഷിയായിട്ടുണ്ട്​.

മൃതദേഹ പരിശോധനയിൽ നെഗറ്റിവായ എത്രയോ മരണങ്ങളുണ്ട്​. പ്രവാസി ആയതി​െൻറ പേരിൽ നീതി നിഷേധിക്കപ്പെടാൻ പാടില്ല. കുടുംബനാഥൻ മരിച്ചതോടെ പട്ടിണിയിലായ ​അനേകം കുടുംബങ്ങളെ നേരിട്ടറിയാം. ദിവസവും അവരുടെ കണ്ണീർ കാണുന്ന ഒരാളാണ്​ ഞാൻ. ഈ കുടുംബങ്ങളിലും സഹായം എത്തിക്കാൻ സർക്കാർ ആവശ്യമായ നടപടിയെടുക്കണം.

അഷ്​റഫ്​ താമരശേരി
(സാമൂഹിക പ്രവർത്തകൻ)

'കോടതി വിധി ശ്രദ്ധേയം'

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്​ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകിയ സുപ്രീം കോടതി വിധി സ്വാഗതാർഹമാണ്​. കോവിഡ് ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതിനാൽ ധനസഹായം ഉൾപ്പെടെയുള്ള ആശ്വാസ നടപടികൾ നൽകാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് ഉത്തരവാദിത്തമുണ്ട്.

ആകസ്മികമായി വന്ന രോഗത്തിൽ മണമടഞ്ഞവരുടെ കുടുംബത്തി​െൻറ ഭാവിജീവിതം ഇരുളടയാതിരിക്കാൻ കേന്ദ്ര സർക്കാർ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കണം. അവർ ആ കടമ നിർവഹിക്കുന്നതിൽ പരാജയപ്പെ​ട്ടെന്നാണ്​ കോടതി പറഞ്ഞിരിക്കുന്നത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജി​െൻറ ഗുണഫലം സാധാരണ ജനവിഭാഗങ്ങൾക്ക് ലഭ്യമാകുമ്പോൾ മാത്രമേ ഫലപ്രാപ്തി നേടുകയുള്ളൂ.

ഐ.സി.എഫ് ഗൾഫ് കൗൺസിൽ

'സംസ്​ഥാന സർക്കാർ മു​ൻകൈയെടുക്കണം'

സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു. പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്നും ലഘൂകരിക്കണമെന്നും സുപ്രീം കോടതി പറയു​േമ്പാൾ കോവിഡിൽ ജീവൻ നഷ്​ടപ്പെട്ടവരുടെ കുടുംബങ്ങളെയും ഉൾപ്പെടുത്താൻ ആവശ്യമായ നടപടി സംസ്​ഥാന സർക്കാർ സ്വീകരിക്കണം. പ്രവാസികളെയും ഉൾപ്പെടുത്താൻ കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തണം.

നോർക്കയും സംസ്​ഥാന സർക്കാറും ഉണർന്ന്​ പ്രവർത്തിക്കണം. വിദേശ രാജ്യങ്ങളിൽ നിന്ന്​ മരണസർട്ടിഫി​ക്കറ്റോ രേഖകളോ ലഭ്യമാക്കാൻ​ എംബസി, കോൺസുലേറ്റ്​, വിദേശമന്ത്രാലയം എന്നിവയുടെ സഹായം തേടണം. ഇതിന്​ പ്രവാസി സംഘടനകളുടെ സഹായം തേടാം. പലതവണ അവഗണന നേരിട്ടവരാണ്​ പ്രവാസികൾ. ഇക്കാര്യത്തിൽ അതുണ്ടാവരുത്​.

വിഷയം ഉയർത്തിക്കൊണ്ടുവന്ന 'ഗൾഫ്​ മാധ്യമ'ത്തി​െൻറ നടപടി അഭിനന്ദനീയമാണ്​. ഇന്ത്യയുടെ സമ്പദ്​ഘടനയിൽ നിർണായക പങ്ക്​ വഹിക്കുന്ന പ്രവാസികളുടെ കുടുംബങ്ങളെ അവഗണിക്കരുത്​.

പ്രവാസി ഇന്ത്യ, യു.എ.ഇ

Tags:    
News Summary - Do not deny justice to these families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.